മെഡിക്കൽ കോളേജിൽ രോഗിക്ക് മരണവെപ്രാളം, കൂട്ടിരിപ്പുകാർക്ക് വീൽച്ചെയർ തള്ളൽ

Saturday 08 November 2025 12:20 AM IST

 അറ്റൻഡർമാരും ട്രോളി പുള്ളർമാരും തിരിഞ്ഞുനോക്കില്ല

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ കൂട്ടിരിക്കാനെത്തുന്നവർ രോഗിയെ ശ്രൂശ്രൂഷിച്ചാൽ മാത്രം പോര. വീൽച്ചെയറും ട്രോളിയും തള്ളാനും പഠിക്കണം! അറ്റൻഡർമാരോ ട്രോളി പുള്ളർമാരോ സഹായത്തിനെത്തുമെന്ന് പ്രതീക്ഷിച്ചാൽ തെറ്റി. അത് അവരുടെ പണിയല്ലെന്നാണ് വാദം.

കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ ചികിത്സവൈകിയെന്ന് പരാതിപ്പെട്ടതിന് പിന്നാലെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധുവിന്റെ പരാതിയും ഇതായിരുന്നു. ഭർത്താവിന്റെ വീൽചെയർ തള്ളാൻ സഹായം തേടിയപ്പോൾ 'ഇത് ഞങ്ങളുടെ പണിയല്ലെന്ന്" പറഞ്ഞ് അറ്റൻഡർമാർ ഒഴിഞ്ഞുമാറി. മെഡിക്കൽ കോളേജിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഇത്തരത്തിൽ വഴിമുട്ടി നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനായുള്ള ജീവനക്കാർ മറ്റു പല ജോലികളുടെയും തിരക്കിലാണ്.

എന്നാൽ രോഗികൾ ക്രമാതീതമായി വർദ്ധിക്കുമ്പോഴുണ്ടാകുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണിതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ആശുപത്രി വികസനസമിതി മുഖേന രാഷ്ട്രീയ പാർട്ടികളുടെ താത്പര്യത്തിന് അനുസരിച്ച് നിയോഗിക്കുന്ന ഇക്കൂട്ടർക്കെതിരെ അധികൃതർ നടപടിയെടുക്കാറില്ല. രോഗിയുടെ അവസ്ഥ മനസിലാക്കി പെരുമാറുന്ന ചെറിയൊരുവിഭാഗം ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ അവർക്ക് എല്ലായിടത്തും ഓടിയെത്താനുമാകുന്നില്ല.

 മുഖത്ത് പോലും നോക്കില്ല

രോഗിയുടെ അവസ്ഥയിൽ ആശങ്കപ്പെട്ടിരിക്കുന്ന കൂട്ടിരിപ്പുകാരോട് കാര്യങ്ങൾ വിശദീകരിച്ചാൽ പകുതി പ്രശ്നങ്ങൾ ഒഴിയും. എന്നാൽ വലിയൊരുവിഭാഗം ഡോക്ടർമാരും ഇതിന് തയ്യാറല്ല. ഇതു കണ്ടുപഠിക്കുന്ന ചിലനഴ്സുമാർ രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ മുഖത്ത് പോലും നോക്കാറില്ലെന്നും ആക്ഷേപമുണ്ട്. ട്രിപ്പിട്ടിരിക്കുന്ന രോഗിക്ക് ടോയ്ലെറ്റിൽ പോകണമെങ്കിൽ നഴ്സ് എത്തി കാന്യുലമാറ്റി കൊടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് നഴ്സിംഗ് സ്റ്റേഷനിലെത്തുന്ന കൂട്ടിരിപ്പുകാരെ കണ്ടഭാവം നടിക്കാത്ത നഴ്സുമാരുണ്ട്. ട്രിപ്പും പിടിച്ച് രോഗിക്ക് പിന്നാലെ കൂട്ടിരിപ്പുകാരും ടോയ്ലെറ്റിലേക്ക് പോകുന്നത് വാർഡുകളിലെ സ്ഥിരം കാഴ്ചയാണ്. 'ഞങ്ങൾ നാലഞ്ചു പേർ എത്ര പേർക്ക് പിന്നാലെ ഓടണം" എന്നാണ് നഴ്സുമാർ ചോദിക്കുന്നത്. ആരോഗ്യവകുപ്പാണ് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകേണ്ടത്.