ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം
മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി സ്വയം രാജി വച്ച് ഇറങ്ങിപ്പോകണം.വേണു മരിച്ചിട്ടും അദ്ദേഹത്തിന്റെ ശബ്ദ സന്ദേശങ്ങൾ കേരളത്തോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വല്ലപ്പോഴും ഉണ്ടായിരുന്ന സംഭവങ്ങൾ ഇപ്പോൾ സർക്കാർ ആശുപത്രികളിൽ പതിവായിരിക്കുന്നു. ഒറ്റപ്പെട്ടതെന്ന് ന്യായീകരിക്കുമ്പോഴും നൂറുകണക്കിന് സംഭവങ്ങളാണ് ആവർത്തിക്കുന്നത്. -വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്
ഭരണത്തുടർച്ച ഉറപ്പ് സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പായതിനാൽ സർക്കാർ പ്രാഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കുമെന്നതിൽ ഒരാശങ്കയും വേണ്ട. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എങ്ങനെ നടപ്പാക്കുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.ഇക്കാര്യത്തിൽ സംശയം പ്രതിപക്ഷത്തിന് മാത്രമാണ്. കേരളം അതിദാരിദ്ര്യ മുക്തമായ വലിയ നേട്ടത്തെ ദേശീയ മാദ്ധ്യമങ്ങളടക്കം പ്രശംസിക്കുകയാണ്.എന്നാൽ അവയെല്ലാം മറച്ചുപിടിക്കാനുള്ള ശ്രമമാണ് കോൺഗ്രസും ബി.ജെ.പിയും നടത്തുന്നത്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനിച്ച പ്രകാരം കാര്യങ്ങൾ നടക്കും. -എം.വി. ഗോവിന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി
ആർ. ശങ്കറിനോട് അവഹേളനം പാളയത്ത് മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ പ്രതിമയിലെ ഫലകം തകർത്തത് അദ്ദേഹത്തോടുള്ള അവഹേളനമാണ്. കേരളത്തിന്റെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും അടിത്തറപാകിയ ഭരണാധികാരിയാണ് ആർ. ശങ്കർ. അദ്ദേഹത്തിന്റെ പ്രതിമയുള്ളിടത്ത് അതിക്രമിച്ചു കയറിയതും ശിലാഫലകം തകർത്തും പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിച്ചതും പ്രതിഷേധാർഹമാണ്. ഇതിന് ഉത്തരവാദികളായവരെ സർക്കാർ കണ്ടെത്തണം. -സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ്