ഏടാകൂടങ്ങളുമായി ഉണ്ണിച്ചേട്ടൻ റെഡി

Saturday 08 November 2025 12:04 AM IST

പാലക്കാട്: ശാസ്‌ത്രോത്സവ വേദികളിൽ മാത്രമല്ല, വേദിക്ക് പുറത്തുമുണ്ട് ഒട്ടേറെ കൗതുകക്കാഴ്ചകൾ. വേദി ഏഴിന് മുന്നിൽ രാവിലെ ആളുകളെ ആകർഷിച്ച കാഴ്ചയായിരുന്നു 'ഏടാകൂടം'. തൃശൂർ സ്വദേശി ഉണ്ണിയാണ് ഏടാകൂടങ്ങളുമായി ശാസ്ത്രോത്സവ നഗരിയിലെത്തിയത്.

റൂബിക്സ് ക്യൂബ് പോലെ ബുദ്ധി കൊണ്ട് കൈകാര്യം ചെയ്ത് വിജയത്തിലെത്തേണ്ട നാടൻ വിനോദ ഉപകരണങ്ങളാണ് ഏടാകൂടങ്ങൾ. 20 വർഷം മുമ്പാണ് ജീവിക്കാനായി ഉണ്ണി മരത്തടിയിൽ ഏടാകൂടങ്ങൾ ഉണ്ടാക്കിത്തുടങ്ങുന്നത്. കിലുക്കാംപെട്ടി, മീൻ, നിരപ്പ് തുടങ്ങി നിരവധി പേരുകളിൽ ഏടാകൂടങ്ങൾ ഉണ്ണി നിർമ്മിച്ചിട്ടുണ്ട്.

സ്വന്തമായും മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്നതനുസരിച്ചുമാണ് സൃഷ്ടികൾ. വിവിധ ജില്ലകളിൽ നിന്ന് ശാസ്‌ത്രോത്സവത്തിനെത്തിയവർക്ക് മുന്നിൽ ഉണ്ണി ഏടാകൂടങ്ങൾ പ്രദർശിപ്പിച്ചു. ശാസ്ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും കുട്ടികൾക്കൊപ്പം കൗതുകത്തോടെ ഏടാകൂടങ്ങൾ സോൾവ് ചെയ്യാൻ ശ്രമിച്ചു. രണ്ടും മൂന്നും മണിക്കൂറെടുത്താണ് ആൾക്കൂട്ടത്തിലെ ചിലർ ഏടാകൂടങ്ങൾ സോൾവ് ചെയ്തത്.

200 രൂപ മുതലാണ് ഏടാകൂടങ്ങളുടെ വില. എല്ലാ കലോത്സവ, കായികോത്സവ, ശാസ്‌ത്രോത്സവ വേദികളിലെയും സ്ഥിരം സാന്നിദ്ധ്യമാണ് ഉണ്ണി. ബുദ്ധിയും ക്ഷമയുമാണ് ഏടാകൂടങ്ങൾ സോൾവ് ചെയ്യാനുള്ള മാർഗ്ഗമെന്ന് ഉണ്ണി പറയുന്നു.