മണ്ണെണ്ണ വിതരണം റേഷൻകടകൾക്ക് നഷ്ടക്കച്ചവടം
കൊല്ലം: കിട്ടുന്ന തുച്ഛമായ കമ്മിഷന്റെ ഭാഗം ഡീലർക്ക് വിതരണക്കൂലിയായി നൽകി മണ്ണെണ്ണ വിതരണം റേഷൻ വ്യാപാരികൾക്ക് നഷ്ടക്കച്ചവടമായി മാറുന്നു. ജില്ലയിൽ ആവശ്യത്തിന് ഡീലർമാർ ഇല്ലാത്തതിനാൽ ഓരോ തവണ മണ്ണെണ്ണ എത്തിക്കുമ്പോഴും 650 മുതൽ 800 രൂപ വരെയാണ് ഓരോ റേഷൻ വ്യാപാരിക്കും വിതരണക്കൂലിയായി നഷ്ടമാകുന്നത്.
ജില്ലയിൽ നേരത്തെ 11 റേഷൻ മണ്ണെണ്ണ ഡീലർമാർ ഉണ്ടായിരുന്നു. വർഷങ്ങളോളം വിതരണം മുടങ്ങിയതോടെ ഡീലർമാർ കൂട്ടത്തോടെ ലൈസൻസ് ഉപേക്ഷിച്ചു. ഇപ്പോൾ കൊട്ടാരക്കരയിൽ മാത്രമാണ് ഭൂഗർഭ ടാങ്കുള്ള ഡീലറുള്ളത്. ശാസ്താംകോട്ടയിലും കടയ്ക്കലും ഓരോ ഡീലർമാരുണ്ടെങ്കിലും സംഭരണ സംവിധാനമില്ലാത്തിനാൽ ചുരുക്കം പ്രദേശത്തേക്കുള്ള മണ്ണെണ്ണ മാത്രമേ വിതരണം ചെയ്യാനാകു. കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിലേക്കുള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നത് കൊട്ടാരക്കരയിലെ ഡീലറാണ്.
റേഷൻവ്യാപാരികൾ നേരിട്ട് ഡീലറുടെ ഗോഡൗണിൽ നിന്ന് മണ്ണെണ്ണ ശേഖരിക്കണമെന്നാണ് ചട്ടം. എന്നാൽ മറ്റ് നാല് താലൂക്കുകളിലെ റേഷൻ വ്യാപാരികൾ മണ്ണെണ്ണ എടുക്കാനായി കൊട്ടാരക്കരയിൽ പോകുമ്പോൾ വൻ തുക ചെലവാകും. കനത്ത ചെലവ് ഒഴിവാക്കാൻ ഡീലർ തന്നെ നാല് താലൂക്കുകളിലെയും കടകളിൽ നേരിട്ട് മണ്ണെണ്ണ എത്തിക്കുകയാണ്. ഇതിന് ദൂരമനുസരിച്ച് ഒരു ലിറ്ററിന് ഒന്നര രൂപ മുതൽ രണ്ട് രൂപ വരെ ഡീലർ വാങ്ങുകയാണ്. ഇപ്പോൾ പുനലൂർ, പത്തനാപുരം താലൂക്കുകളിലെ വിതരണത്തിനുള്ള കൂലി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ്.
സർക്കാർ അപേക്ഷ ക്ഷണിക്കുന്നില്ല മണ്ണെണ്ണ കമ്മിഷൻ ചോർന്ന് വ്യാപാരികൾ നഷ്ടത്തിലായിട്ടും സർക്കാർ പുതിയ ഡീലർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നില്ല. സമയത്തിന് മണ്ണെണ്ണ ലഭിക്കാത്തത് റേഷൻകടകളിൽ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ തർക്കത്തിനും ഇടയാക്കുന്നു.
ജില്ലയിൽ ആറ് താലൂക്കുകൾ വേണ്ടത് ആറ് മണ്ണെണ്ണ ഡീലർമാർ
ഉള്ളത് മൂന്ന് ഡീലർമാർ മാത്രം
രണ്ട് പേർക്ക് ഭൂഗർഭ സംഭരണ ടാങ്കില്ല
ആവശ്യമായ വിതരണശേഷി ഒരാൾക്ക് മാത്രം
എ.എ.വൈ കാർഡുകാർക്ക്- 1 ലിറ്റർ
മറ്റ് വിഭാഗക്കാർക്ക് 1/2 ലിറ്റർ
ലിറ്ററിന് ₹ 65
ജില്ലയിലെ റേഷൻ കാർഡുകൾ-797045
എ.എ.വൈ കാർഡുകൾ-7543