ആ മാലി​ന്യത്തേക്കാൾ രൂക്ഷം 'ഇ- മാലിന്യം'

Saturday 08 November 2025 12:35 AM IST

4 മാസത്തിനിടെ ഹരി​തകർമ്മ സേന ശേഖരി​ച്ചത് 3,307.44 കിലോ ഇ- മാലിന്യം

കൊല്ലം: ജില്ലയിലെ നഗരസഭ പരിധിയിലുള്ള വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമസേന നാലു മാസത്തിനിടെ ശേഖരിച്ചത് 3,307.44 കിലോ ഇലക്ട്രോണിക്സ്, ഇലക്ട്രിക് മാലിന്യങ്ങൾ (ഇ-മാലിന്യം). ഇവ ഏറ്റെടുക്കുന്ന ക്ലീൻ കേരള കമ്പനി ഹരിതകർമ്മ സേനയ്ക്ക് 66,666 രൂപ ജോലി​ക്കൂലി​യായി​ കൈമാറി.

പുനരുപയോഗിക്കാൻ കഴിയുന്നവയുടെ ഉടമകൾക്കാണ് പണം നൽകുന്നത്. കരുനാഗപ്പള്ളി, പരവൂർ നഗരസഭകളിൽ നിന്നു ശേഖരിച്ചവയ്ക്ക് പണം നൽകാനുണ്ട്. ആപത്കരമായ മാലിന്യങ്ങളിൽ ഉൾപ്പെടുന്ന ട്യൂബ്, സി.എഫ്.എൽ, പിക്ചർ ട്യൂബ് തുടങ്ങിയവയ്ക്ക് വി​ല നൽകി​ല്ല. 'ശുചിത്വ കേരളം സുസ്ഥിര കേരളം' ലക്ഷ്യത്തിന്റെ ഭാഗമായി ജൂലായ് 15ന് സംസ്ഥാന തലത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് പദ്ധതി ആരംഭിച്ചു. ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ (സി.കെ.സി.എൽ) നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്‌കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടി.വി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് അവ്ൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, കംപ്യൂട്ടർ, മോണിറ്റർ, മൗസ്, കീബോർഡ്, എൽ.സി.ഡി മോണിറ്റർ, എൽ.സി.ഡി/എൽ.ഇ.ഡി ടെലിവിഷൻ, പ്രിന്റർ, അയൺബോക്സ്, മോട്ടർ, മൊബൈൽ ഫോൺ, ടെലിഫോൺ, മോഡം, എയർ കണ്ടിഷനർ, ബാറ്ററി, വാട്ടർ ഹീറ്റർ, കൂളർ, ഇൻഡക്‌ഷൻ കുക്കർ, എസ്.എം.പി.എസ്, ഹാർഡ് ഡിസ്ക്, പി.സി.ബി ബോർഡുകൾ തുടങ്ങി അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 43 ഇനങ്ങളാണ് കിലോഗ്രാം നിരക്കിൽ വില നൽകി ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയിൽ എത്തിച്ച് തരംതിരിച്ച ശേഷം,വീണ്ടും ഉപയോഗിക്കാനോ സംസ്കരിക്കാനോ നിർമ്മാർജ്ജനം ചെയ്യാനോ ബന്ധപ്പെട്ട കമ്പിനികൾക്ക് കൈമാറും. പഞ്ചായത്ത് തലത്തിൽ ഇ- മാലിന്യ ശേഖരനം ആരംഭിക്കാനുള്ള ഒരുക്കങ്ങളും ജില്ലയിൽ ആരംഭിച്ചു.

വില പലവിധം (കിലോയ്ക്ക്)

പഴയ റഫ്രിജറേറ്റർ: 16

 ലാപ്ടോപ്പ്: 104

 എൽ.സി.ഡി, എ.ഇ.ഡി ടി.വി: 16

 ടോപ് ലോഡ് വാഷിംഗ് മെഷീൻ: 16

 ഫ്രണ്ട് ലോഡ്: 9

 സീലിംഗ് ഫാൻ: 41

 മൊബൈൽ ഫോൺ: 115

 സ്വിച്ച് ബോർഡ്: 17

 എയർ കണ്ടീഷനർ: 58

പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളെയാണ് ഇ-മാലിന്യം എന്ന് പറയുന്നത്. ഇതിന്റെ ശാസ്ത്രീയമായ നിർമാർജ്ജനം ഉറപ്പാക്കുകയാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം. പഞ്ചായത്ത് തലത്തിൽ ഇ- മാലിന്യം ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചു

ക്ലീൻ കേരള കമ്പനി അധികൃതർ