കരയാനറിയാതെ ശിവപാർവതി
Saturday 08 November 2025 12:41 AM IST
ചവറ: വേണുവിന്റെ മരണത്തിൽ ഉറ്റവരെല്ലാം നെഞ്ചുപൊട്ടി കരയുകയാണ്. പക്ഷെ നെഞ്ചുപിളർക്കുന്ന നോവുണ്ടെങ്കിലും ശിവപാർവതിക്ക് കരയാനറിയില്ല. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി വേണുവിന്റെ വീടിനടുത്ത് നിശബ്ദയായി കിടക്കുകയാണ് ശിവപാർവതി. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലെ അനാസ്ഥ കാരണം മരണമടഞ്ഞ ചവറ പന്മന സ്വദേശിയായ ഓട്ടോഡ്രൈവർ വേണുവിന്റെ ഓട്ടോറിക്ഷയാണ് ശിവപാർവതി. സ്വന്തം മക്കളെപ്പോലെ ശിവപാർവതിയെ വേണു സ്നേഹിച്ചിരുന്നു. പന്മന ഇടപ്പള്ളിക്കോട്ട സ്റ്റാന്റിൽ കിടന്നാണ് ഇക്കാലമത്രയും വേണുവ ഓട്ടോ ഓടിച്ചിരുന്നത്. പഴയ ഓട്ടോമാറ്റി പുതിയത് എടുത്തിട്ട് രണ്ടു വർഷം ആയിട്ടില്ല. ഓട്ടോയുടെ സി.സി വേണു കൃത്യമായി അടയ്ക്കുമായിരുന്നു. ഒടുവിൽ ശിവപാർവതിയെ അനാഥമാക്കി വേണു മടങ്ങി.