ഭൂമി തരംമാറ്റവും ക്രമപ്പെടുത്തലും: സർക്കാരിന്റെ വിശദീകരണം തേടി

Saturday 08 November 2025 1:02 AM IST

കൊച്ചി: 2008ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിനുമുമ്പ് നികത്തിയ വയലുകൾ ക്രമപ്പെടുത്തി നൽകാൻ 2018ൽ കൊണ്ടുവന്ന ഭേദഗതികളുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നെൽവയലുകൾ വ്യാപകമായി തരംമാറ്റത്തിന് ഇടയാക്കുന്നതാണ് ഭേദഗതിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതിയടക്കം നൽകിയ പൊതുതാത്പര്യ ഹർജികളും നിയമത്തിനുമുമ്പ് നികത്തിയ ഭൂമി ക്രമപ്പെടുത്താൻ ഫീസ് ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകൾ നൽകിയ ഹർജികളുമാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ,ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണി​ക്കുന്നത്.

1967ലെ കേരള ഭൂവി​വിനിയോഗ ഉത്തരവിൽ നെൽവയലും തണ്ണീർത്തടവും നികത്തിയാൽ ക്രമീകരിച്ചു നൽകാറില്ലെന്ന് പൊതുതാത്പര്യ ഹർജികളിൽ പറയുന്നു. 2008ലെ നിയമം പ്രാബല്യത്തിലായതോടെ വയൽനികത്തൽ അനുവദനീയവുമല്ല. എന്നാൽ 2018ൽ കൊണ്ടുവന്ന ഭേദഗതി ഈ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചു.

അതേസമയം,2018ലെ ഭേദഗതിയിലൂടെ ഭൂമി ക്രമീകരിച്ചുനൽകുന്നതിൽ വിവേചനമുണ്ടെന്നാണ് ഭൂവുടമകളുടെ വാദം. 2008ലെ നിയമം വരുംമുമ്പ് വയൽനികത്തലും തരംമാറ്റവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കിയ കോടതി സർക്കാരി​ന്റെ വിശദീകരണം തേടുകയായിരുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.