വന്ദേമാതരം വരികൾ വെട്ടി മാറ്റിയത് വെല്ലുവിളി: മോദി
പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കി
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ 150ാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്നലെ ഡൽഹിയിൽ തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്‌ദമായിരുന്നു 'വന്ദേ മാതരം'. അതിന്റെ ആത്മാവായ വരികൾ വെട്ടിച്ചുരുക്കിയവരുടെ വിഭജന മനോഭാവം രാജ്യത്തിന് വെല്ലുവിളി ഉയർത്തുകയാണെന്ന് മോദി പറഞ്ഞു.
കോൺഗ്രസിന്റെ ദേശീയ സമ്മേളനങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ മാത്രം ആലപിച്ചാൽ മതിയെന്ന 1937ലെ ഫായിസ്‌പൂർ സമ്മേളനത്തിലെ തീരുമാനത്തെയാണ് മോദി കുത്തിയത്. ഹിന്ദു ദേവതകളെ രാജ്യത്തിന്റെ രക്ഷകരായി അവതരിപ്പിക്കുന്ന വരികളാണ് ഒഴിവാക്കിയത്. ന്യൂനപക്ഷ വിഭാഗത്തിന് അലോസരമുണ്ടാക്കുമെന്ന്
ചൂണ്ടിക്കാട്ടിയുള്ള ജവഹർലാൽ നെഹ്‌റുവിന്റെ നിർദ്ദേശമായിരുന്നു ഇന്ത്യാ വിഭജനത്തിന് വിത്ത് പാകിയതെന്നും മോദി പറഞ്ഞു. പ്രത്യേക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി. വന്ദേമാതരത്തിന്റെ പൂർണ പതിപ്പിന്റെ ആലാപനവും നടന്നു.
മോദിക്ക്
ചരിത്രമറിയില്ല
വന്ദേമാതരം വെട്ടിച്ചുരുക്കിയത് സംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമർശം ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തത് കാരണമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. വന്ദേമാതരവും ജനഗണമനയും വെട്ടിച്ചുരുക്കിയ രൂപത്തിലാണ് പാടുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. ദേശീയതലത്തിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമായ വരികൾ ഏതെന്ന് രബീന്ദ്രനാഥ ടാഗോറുമായി ചർച്ച ചെയ്‌താണ് ജവഹർലാൽ നെഹ്‌റുവും സുഭാഷ് ചന്ദ്ര ബോസും തീരുമാനിച്ചത്. രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തിയ വന്ദേമാതരം, സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമായിരുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. 1896ൽ കൽക്കട്ടയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് രബീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആദ്യമായി പൊതുവേദിയിൽ ആലപിച്ചത്.. ബ്രിട്ടീഷ് ഭരണത്തിനെതിരെ എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്ന ശക്തിയായി ഈ ഗാനം മാറിയെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.