മലപ്പുറം പൊന്മുണ്ടത്ത് സി.പി.എം-കോൺഗ്രസ് വിചിത്ര സഖ്യം
□ഉടക്കിട്ട് മുസ്ലിം ലീഗ്
മലപ്പുറം : ആവശ്യപ്പെട്ട എണ്ണം സീറ്റുകൾ നൽകാൻ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം തയ്യാറാകാതിരുന്നതോടെ പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ ജനകീയ മുന്നണി ബാനറിൽ സി.പി.എമ്മുമായി സഖ്യം ചേർന്ന് കോൺഗ്രസ്. ആകെയുള്ള 16 സീറ്റുകളിൽ 11ൽ കോൺഗ്രസും അഞ്ചിടത്ത് സി.പി.എമ്മും മത്സരിക്കും. മിക്ക വാർഡിലും സ്വതന്ത്ര സ്ഥാനാർത്ഥി പരിവേഷത്തിലാവും മത്സരം.
സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും ഡി.സി.സി , ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളും സി.പി.എം ഏരിയ, ലോക്കൽ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ മത്സരിച്ചേക്കുമെന്നാണ് വിവരം.കഴിഞ്ഞ മൂന്ന് തദ്ദേശ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗും കോൺഗ്രസും പരസ്പരം പോരടിച്ചാണ് ഇവിടെ മത്സരിച്ചത്. പന്ത്രണ്ടിടത്ത് മുസ്ലിം ലീഗിനും നാലിടത്ത് കോൺഗ്രസിനുമായിരുന്നു വിജയം. സി.പി.എമ്മിന് വിജയിക്കാനായില്ല. ഇത്തവണ രണ്ടു വാർഡുകൾ കൂടിയിട്ടുണ്ട്.
15 വർഷമായി പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് മുസ്ലിംലീഗാണ്. ഇത്തവണ യു.ഡി.എഫ് സഖ്യമായി മത്സരിക്കുന്നതിനുവേണ്ടി കോൺഗ്രസ്- മുസ്ലിംലീഗ് ജില്ലാ നേതൃത്വങ്ങൾ പലതവണ സമവായ ചർച്ചകൾ നടത്തിയെങ്കിലും ലീഗ് പ്രാദേശിക നേതൃത്വം വഴങ്ങിയില്ല.ഒമ്പത് സീറ്റുകളും രണ്ടര വർഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വേണമെന്നായിരുന്നു കോൺഗ്രസ് നിലപാട്. പരമാവധി ആറ് സീറ്റുകൾ നൽകാനാണ് ലീഗ് നേതൃത്വം തയ്യാറായിട്ടുള്ളത്. ഇത് കോൺഗ്രസിന് സ്വീകാര്യമല്ല.
മുന്നണി സംവിധാനമില്ലെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനാവുമെന്നതാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ആത്മവിശ്വാസം. അതേ സമയം, താനൂർ നിയോജക മണ്ഡലത്തിൽപ്പെട്ട പൊന്മുണ്ടത്ത് ഐക്യം സ്ഥാപിക്കുകയെന്നത് ലീഗ് ജില്ലാ നേതൃത്വത്തിന്റെ കൂടി ആവശ്യമാണ്. ലീഗ് കോട്ടയായ താനൂരിൽ കഴിഞ്ഞ രണ്ടു തവണയും ഇടതു സ്വതന്ത്രനായ മന്ത്രി വി.അബ്ദു റഹിമാനാണ് വിജയിച്ചത്.