സപ്ലൈകോ അടുത്തയാഴ്ച മുതൽ നെല്ല് സംഭരിക്കും
□ഒരാഴാചയ്ക്കകം പണമെന്ന് മന്ത്രി ജി.ആർ.അനിൽ
കുട്ടനാട്: സപ്ലൈകോ എഫ്.സി.ഐയുമായി ചേർന്ന് അടുത്ത ആഴ്ച മുതൽ നെല്ല് സംഭരിക്കുമെന്നും അതിന്റെ വില ഒരാഴ്ചയ്ക്കുള്ളിൽ നൽകാനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.സപ്ലൈകോ ഉദ്യോഗസ്ഥരുമായി മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്നലെ വരെ സംഭരിച്ച നെല്ലിന്റെ പണം തിങ്കളാഴ്ച മുതൽ കൊടുത്തു തുടങ്ങും. അടുത്ത ആഴ്ച മുതൽ സംഭരിക്കുന്ന നെല്ല് വെയർഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിക്കും. ഒരാഴ്ച കഴിയുമ്പോൾ പണം നൽകും. അതിനാവശ്യമായ പി.ആർ.എസ് നടപടികൾ സപ്ലൈകോ ആരംഭിച്ചു കഴിഞ്ഞു. കിഴിവിന്റെ പേരിൽ മില്ലുകാർ കുട്ടനാട്ടിലെ കർഷകരെയാണ് കൂടുതലായി ദ്രോഹിക്കുന്നത്. ശാസ്ത്രീയമായ പരിശോധനയിലൂടെ ഇത്തരം പ്രയാസങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ്, വി.എൻ.വാസവൻ എന്നിവർ ഇന്ന് പാലക്കാട് കർഷകരുമായും സഹകരണ സംഘങ്ങളുമായി ആലോചിച്ച് അവിടെയും നെല്ല് സംഭരിക്കാനുള്ള മാർഗ്ഗങ്ങൾ ആരായും. ആവശ്യമെങ്കിൽ, സഹകരണസംഘങ്ങളെ സഹകരിപ്പിക്കും.