വെൽക്കം ടു ഗാബ

Saturday 08 November 2025 3:23 AM IST

ബ്രിസ്ബേൺ: പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും സമനിലയാക്കാൻ ഓസീസും കലത്തിലിറങ്ങുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ല ട്വന്റി-20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്ന് ബ്രിസ്ബേണിലെ ഗാബ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. രണ്ടാം മത്സരത്തിൽ ജയച്ച് ഓസ്ട്രേലിയ ലീഡ് നേടിയിരുന്നെങ്കിലും മൂന്നും നാലും മത്സരങ്ങളിൽ അവരെ തോൽപ്പിച്ച് 2-1ന് മുന്നിലെത്തിയ ഇന്ത്യ പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പിച്ച് കഴിഞ്ഞു. ഏകദിന പരമ്പയിൽ തങ്ങളെ തോൽപ്പിച്ച ഓസ്ട്രേലിയയ്‌ക്ക് ട്വന്റി-20 പരമ്പര ഒറ്റയ്‌ക്ക് സ്വന്തമാക്കി മറുപടി കൊടുക്കാനാണ് ഇന്ത്യയുടെ ഒരുക്കം. മറുവശത്ത് ഇന്ന് ജയിച്ച് ട്വന്റി-20 പരമ്പര സമനിലയാക്കി മുഖം രക്ഷിക്കാനാണ് ഓസ്ട്രേലിയയുടെ പടയൊരുക്കം.

ഗാബ ഗാഥ

1988ന് ശേഷം ടെസ്റ്റിൽ ഗാബയിൽ തോൽവി അറിയാതുള്ള ഓസ്ട്രേലിയയുടെ 33 വർഷം നീണ്ട പടയോട്ടത്തിന് തിരശീലയിട്ടത് 2021ൽ നേടിയ ഐതിഹാസിക ജയത്തിലൂടെ ഇന്ത്യയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഗാബയിൽ 2013ന് ശേഷം ട്വന്റി-20 ഫോർമാറ്റിൽ ഓസീസ് തോറ്റിട്ടില്ല. ഗാബയിൽ തോൽവി അറിയാതെ ഒരു വ്യാഴവട്ടം നീണ്ട ഓസീസ് വാഴ്‌ചയ്ക്കും ഇന്ത്യ ഫുൾ സ്റ്റോപ്പിടുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംഷയോടെ ഉറ്റു നോക്കുന്നത്. ഇന്ത്യ ഇവിടെ കളിച്ച ഒരേയൊരു ട്വന്റി-20 മത്സരം 2018ൽ ആയിരുന്നു. അന്ന് ഇന്ത്യ വിജയത്തിനരികിൽ എത്തിയെങ്കിലും 4 റൺസിന് ഓസ്ട്രേലിയ ജയം തട്ടിയെടുത്തിരുന്നു.

ടീം ന്യൂസ്

ഇന്ത്യ- വിജയിച്ച ടീമിൽ മാറ്റം വരുത്താൻ ഇന്ത്യ തയ്യാറാകില്ലെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ ഇന്നും മലയാളി താരം സഞ്ജു സാംസണ് പുറത്തിരിക്കേണ്ടി വരും.

ഓസീസ് - ഏകദേശം രണ്ട് വർഷത്തിന് ശേഷം ട്വന്റി-20യിൽ ഓസീസിനായി കളിച്ച ജോഷ് ഫിലിപ്പെയ്‌ക്ക് കഴിഞ്ഞ മത്സരത്തിൽ തിളങ്ങാനായിരുന്നില്ല. അദ്ദേഹത്തിന് പകരം മിച്ച് ഓവനെ ഇന്ന് ഓസീസ് കളിപ്പിക്കാൻ സാധ്യതയുണ്ട്.

ലൈവ്

സ്റ്റാർ സ്‌പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്‌ സ്റ്റാറിലും