ഹൈക്കാേടതി ഉത്തരവിന് പുല്ലുവില, ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരിച്ച് ജസ്ന സലീം
തൃശൂർ: ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്പിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയെത്തുടർന്നായിരുന്നു കേസെടുത്തത്. നേരത്തേ ക്ഷേത്രത്തിൽ ജസ്ന റീൽസ് ചിത്രീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
സോഷ്യൽ മീഡിയയിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നവംബർ അഞ്ചിനായിരുന്നു പരാതി നൽകിയത്. ക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിന് മുകളിലെ കൃഷ്ണവിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വീഡിയോ എടുത്താണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
നേരത്തേ ക്ഷേത്ര നടപ്പുരയിൽ കേക്കുമുറിച്ച് പിറന്നാൾ ആഘോഷിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. തുടർന്നാണ് നടപ്പുരയിൽ വീഡിയോ ചിത്രീകരണം ഹൈക്കാേടതി വിലക്കിയത്. മതപരമായ ചടങ്ങുകളുടേതോ, വിവാഹങ്ങളുടേതോ അല്ലാത്ത വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഇതുമറികടന്നാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.
കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയും ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുകയും ചെയ്തതോടെയാണ് ജസ്ന സോഷ്യൽ മീഡിയയിൽ താരമായത്. കൃഷ്ണനെവരച്ച് പ്രശസ്തിനേടിയ മുസ്ലീം കുട്ടി എന്ന ലേബൽ തനിക്ക് വേണ്ടെന്ന് ജസ്ന നേരത്തേ പറഞ്ഞിരുന്നു. 'മുസ്ലീം കുട്ടി എന്ന ലേബൽ ഞാൻ വേണ്ടെന്നുവച്ചു. എനിക്ക് ഇനിമുതൽ മതവും തട്ടവും ഇല്ല. നിനക്ക് സ്വർഗത്തിൽ പേകണ്ടേ എന്നുചാേദിക്കുന്നവരോട് ഞാൻ പറയുന്നു എനിക്ക് മതമില്ല' എന്നാണ് അന്ന് ജസ്ന പറഞ്ഞത്.