'മുന്നിലുള്ളത് ദുൽഖറിന്റെ മുഖമാണ്, വിശ്വസിച്ച് വലിയ വില കൊടുത്ത് എടുത്തു; ഒടുവിൽ വിശ്വാസ്യത നഷ്ടപ്പെട്ടു'

Saturday 08 November 2025 11:00 AM IST

പത്തനംതിട്ട: ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെത്തുടർന്ന് ബ്രാൻഡ് ഉടമയ്ക്കും ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാനുമെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു. ഡിസംബർ മൂന്നിന് കമ്മിഷന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കാറ്ററിംഗ് കരാറുകാരനായ പത്തനംതിട്ട സ്വദേശിയായിരുന്നു പരാതിക്കാരൻ. ഇപ്പോഴിതാ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ബിരിയാണി അരി തന്നെയാണെന്ന് ഉറപ്പിച്ച് പറയുകയാണ് കാറ്ററിംഗ് കരാറുകാരൻ.

കാറ്ററിംഗ് കരാറുകാറന്റെ വാക്കുകൾ ഇങ്ങനെ 'ബിരിയാണി റൈസും ചിക്കൻ കറിയും വെജിറ്റബിൾ ബിരിയാണിയും കഴിച്ച രണ്ട് പേർക്ക് ഇത് വന്നതായി ബോദ്ധ്യപ്പെട്ടു. അവർ മറ്റൊരു ഭക്ഷണവും കഴിച്ചിട്ടുണ്ടാവില്ല. അങ്ങനെ വന്നപ്പോൾ ഇവർ രണ്ടുപേരും കഴിച്ചത് റൈസാണ്. ഒരാൾ റൈസിനൊപ്പം വെജിറ്റബിളും മറ്റൊരാൾ ചിക്കനുമാണ് കഴിച്ചത്. അങ്ങനെ തുടർ അന്വേഷണത്തിലാണ് ബിരിയാണിയുടെ ചാക്ക് പരിശോധിക്കാൻ തീരുമാനിച്ചത്. ചാക്ക് പരിശോധിച്ചപ്പോൾ ഇതിന്റെ പാക്കിംഗ് ഡേറ്റ് രേഖപ്പെടുത്തിയിട്ടില്ല. 12 മാസം ഉപയോഗിക്കാം എന്ന് പറയുന്നുണ്ട്, എന്നാൽ പാക്കിംഗ് ഡേറ്റില്ല, ഏത് ദിവസമാണ് പാക്ക് ചെയ്തതെന്ന് നമ്മൾ അറിയില്ലല്ലോ?

നമുക്ക് ഇതിനെക്കുറിച്ച് സംശയം വന്നത്, ഓഗസ്റ്റ് മാസം 120 രൂപയുണ്ടായിരുന്ന ഈ അരി ബ്രാൻഡിന്റെ വില ഒറ്റയടിക്ക് 100 രൂപ വർദ്ധിപ്പിച്ച സമയത്താണ് ഞങ്ങൾ എടുക്കുന്നത്. അതുകൊണ്ട് ഇത് വ്യാജ സാധനമാണോ, കമ്പനി തന്നെ വ്യാജ സാധനങ്ങൾ കയറ്റിയതാണോ എന്ന സംശയം നമുക്കുണ്ടായി. കമ്പനിയുടെ പിആർഒയെ ബന്ധപ്പെട്ട സമയത്ത്, ചാക്കിലുണ്ടായിരുന്ന ഇൻവോയിസ് നമ്പർ പരിശോധിച്ചപ്പോൾ ഈ അരി എറണാകുളത്തെ ഏതോ കടയിലേക്കാണ് ബിൽ അടിച്ചത്. അപ്പോൾ മൂന്ന് ജില്ല കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് ഈ അരി എങ്ങനെ വന്നു എന്ന സംശയം കമ്പനിയും മുന്നോട്ടുവച്ചു.

ഈ ബ്രാൻഡ് അരി എവിടെയാണ് ഉത്പാദിപ്പിക്കുന്നതെന്നോ ആരാണ് വിതരണം ചെയ്യുന്നതെന്നോ നമ്മൾക്ക് അറിയില്ല. പക്ഷേ, നമ്മുടെ മുന്നിലുള്ളത് ദുൽഖർ സൽമാന്റെ മുഖമാണ്. ആ വിശ്വാസത്തിന്റെ പേരിലാണ് ഇത്ര വില കൊടുത്തെടുത്തത്. ഈ സാഹചര്യത്തിൽ ഒരു മോശമായ അവസ്ഥ ഉണ്ടായപ്പോൾ അദ്ദേഹത്തെക്കൂടി ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെക്കൂടി പരാതിയിൽ ഉൾപ്പെടുത്തിയത്. തെറ്റുപറ്റിയെന്ന് കമ്പനി തന്നെ സമ്മതിക്കുന്നുണ്ട്. ആ തെറ്റ് എങ്ങനെ പറ്റിയെന്നത് സംബന്ധിച്ച് അവർക്ക് ധാരണയില്ല, തന്റെയും സ്ഥാപനത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു.'- കരാറുകാരൻ പറഞ്ഞു.