നികുതി വെട്ടിച്ച് സർവീസ്; മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്തു, അരക്കോടി രൂപ പിഴ ഈടാക്കുമെന്ന് എംവിഡി
കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ് (എംവിഡി). റോഡ് നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനാണ് നടപടി. ഇത്തരത്തിൽ പിടികൂടിയ ബസുകള്‍ കളക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒമ്പത് ബസുകൾ പിടിച്ചെടുത്തത്. മറ്റ് നിയമലംഘനങ്ങള്‍ക്ക് 25 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയും ചുമത്തി.
ബസുകള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും മറ്റു സംസ്ഥാനങ്ങളിൽ സർവീസ് നടത്തുമ്പോൾ റോഡ് നികുതി അടയ്ക്കണമെന്നാണ് നിയമം. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ബസുകള്‍ ടാക്‌സ് അടയ്‌ക്കേണ്ടത്. കസ്റ്റഡിയിലെടുത്ത ബസുകളിൽ നിന്ന് അരക്കോടിയോളം രൂപ പിഴയായി ഈടാക്കും.
യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള സംയുക്ത പരിശോധനകള്‍ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനുപുറമേ, മറ്റു വാഹനങ്ങളില്‍ അമിതവേഗം, എയര്‍ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങി കൂടുതൽ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.