ജയസൂര്യയ്ക്കും മുരളീധരനും ഒപ്പം ലോകകപ്പ് നേടിയ ക്യാപ്ടൻ,​ രൂപമാറ്റം കണ്ട് ഞെട്ടി ആരാധകർ

Saturday 08 November 2025 1:13 PM IST

കൊളംബോ: ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത അർജുന രണതുംഗ അടുത്തിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരെ അമ്പരപ്പിച്ചു. തമിഴ് യൂണിയന്റെ 125ാം വാർഷികാഘോഷ ചടങ്ങിലാണ് മുൻ ശ്രീലങ്കൻ താരങ്ങളായ സനത് ജയസൂര്യ,​ അരവിന്ദ ഡി സിൽവ,​ മുത്തയ്യ മുരളീധരൻ എന്നിവരുമായി രണതുംഗ വീണ്ടും ഒന്നിച്ചത്. ചുവന്ന കുർത്ത ധരിച്ചെത്തിയ രണതുംഗയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും അദ്ദേഹം ടീമിൽ കളിച്ചിരുന്ന കാലത്തേക്കാൾ നന്നായി മെലിഞ്ഞ രൂപമായതിനാൽ പലർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

കളിക്കളത്തിൽ അത്യാവശ്യം മികച്ച ശരീരപ്രകൃതിയുണ്ടായിരുന്ന രണതുംഗയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും പലരും ആശങ്ക ഉയർത്തി. രണതുംഗയുടെ രൂപമാറ്റം വ്യക്തമാക്കുന്ന ചിത്രം ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയാണ് എക്‌സിലൂടെ പങ്കുവച്ചത്. 61കാരനായ രണതുംഗ 2000 ജൂലായിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

ക്രിക്കറ്റ് മതിയാക്കിയ ശേഷം അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും 'സിംഹള ഉരുമായ' എന്ന പാർട്ടിയുടെ അംഗമാവുകയും ചെയ്തിരുന്നു. 1996ലെ ഏകദിന ലോകകപ്പിൽ രണതുംഗ നായകസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴാണ് ശ്രീലങ്ക ആദ്യമായി ലോകകപ്പ് കിരീടം നേടുന്നത്. ഫൈനലിൽ ഓസീസിനെ നിലം പരിശാക്കി ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ശ്രീലങ്ക കിരീടം സ്വന്തമാക്കിയത്.