സ്‌കൂട്ടർ ടോറസ് ലോറിക്കടിയിൽപ്പെട്ട് ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം; അപകടം ചേർത്തലയിൽ

Saturday 08 November 2025 1:51 PM IST

ചേർത്തല: ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്‌ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്. ചേർത്തല ഇസാഫ് ബാങ്കിലെ മാനേജറാണ് അമൽ.

കഞ്ഞിക്കുഴി ഭാഗത്ത് നിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. അമലിന്റെ സ്‌കൂട്ടർ റോഡരികിൽ തട്ടി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്. ഭാര്യ - അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്‌കൂൾ), മാതാവ് - പരേതയായ മാഗി ബെൻസൺ, മകൾ - അമിയ മരിയ. സംസ്‌കാരം ഇന്ന് 3.30ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.