'നാഗ്‌പൂരിലെ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണംകൊണ്ടല്ല വന്ദേഭാരത് നിർമിച്ചത്, ജനങ്ങൾ നൽകിയ നികുതി കൊണ്ടാണ്'
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേ ഭാരതിന്റെ ഉദ്ഘാടന യാത്രയിൽ വിദ്യാർത്ഥികൾ ആർഎസ്‌എസിന്റെ ഗണഗീതം ആലപിച്ചതിനെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. നാഗ്‌പൂരിലെ അപ്പൂപ്പന്മാർ കൊടുത്തു വിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിർമിച്ചത്. ജനങ്ങൾ നൽകിയ നികുതി കൊണ്ടാണ്. ഗണഗീതം തൽക്കാലം ശാഖയിൽ പാടിയാൽ മതി. നാട്ടുകാരുടെ ചെലവിൽ വേണ്ട എന്നാണ് സനോജ് ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്നുരാവിലെ എറണാകുളം- ബംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രക്കിടെയായിരുന്നു സംഭവം. കുട്ടികൾ ഗീതമാലപിക്കുന്ന വീഡിയോ ദക്ഷിണ റെയിൽവേ എക്‌സിൽ പങ്കുവച്ചിരുന്നു. 'എറണാകുളം- ബംഗളൂരു വന്ദേ ഭാരത് യാത്രക്കിടെ സന്തോഷത്തിന്റെ ഗാനം. ആ നിമിഷത്തിന് ആവേശം പകർന്നുകൊണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഗാനം ആലപിച്ചു'- എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് റെയിൽവേ കുറിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേയ്ക്ക് പോയ വന്ദേ ഭാരത് ട്രെയിനിലാണ് കുട്ടികൾ 'പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍' എന്നുതുടങ്ങുന്ന ആർഎസ്‌എസ് ഗണഗീതം ആലപിച്ചത്. ഇത് വിവാദമായതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. ആർഎസ്‌എസ് ഗണഗീതം കുട്ടികൾ സ്വമേധയാ ആലപിച്ചതാണോ അതോ അദ്ധ്യാപകർ പഠിപ്പിച്ചതാണോ എന്നത് വ്യക്തമല്ല.
ഗണഗീതം പാടിയതിനെയും അതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചതിനെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റും രംഗത്തെത്തിയിട്ടുണ്ട്.