'ഒരു രോഗിയെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാൻ കഴിയുക'; വേണുവിന്റെ മരണത്തിൽ ഡോ. ഹാരിസ് ചിറയ്‌ക്കൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കൊല്ലം പന്മന സ്വദേശി വേണു മരിച്ചതെന്ന ആരോപണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌ക്കൽ. ധാരാളം മെഡിക്കൽ കോളേജുകൾ തുടങ്ങിയിട്ട് കാര്യമില്ലെന്നും നിലവിലുള്ള മെഡിക്കൽ കോളേജുകൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേണുവിനെ ആശുപത്രിയിൽ നിലത്ത് കിടത്തിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംസാരിക്കവേയായിരുന്നു പ്രതികരണം.
'വേണുവിനെ തറയിലാണ് കിടത്തിയിരുന്നത്. ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്. ഒരിക്കൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ വളരെ വിഷമകരമായ അവസ്ഥയുണ്ടായി.
മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല. കോന്നി മെഡിക്കൽ കോളേജിൽ തന്നെ 500 കോടിയോളം രൂപ ചെലവായെന്നാണ് എനിക്ക് കിട്ടിയ കണക്ക്. എന്നിട്ടും അവിടെ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്. രോഗികളുടെ ബാഹുല്യവുമുണ്ട്.
വേണുവിനെ കൊണ്ടുവന്നപ്പോൾ അവിടെ തറയിലാണ് കിടത്തിയത്. അവിടെ ഒന്നാം വാർഡ്, രണ്ടാം വാർഡ്, 28ാം വാർഡ് എന്നിങ്ങനെയുണ്ട്. ഇന്നത്തെ സംസ്‌കാരത്തിലുള്ള ആർക്കും അവിടെ പോകാൻ പറ്റില്ല. ഒരു രോഗിയെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാൻ കഴിയുക'- ഡോ. ഹാരിസ് ചിറയ്‌ക്കൽ ചോദിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ യഥാസമയം ലഭിക്കാത്തത് സംബന്ധിച്ച് സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകൾക്കുള്ളിലാണ് വേണു മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഓട്ടോ ഡ്രൈവറായ വേണുവിന് വെള്ളിയാഴ്ച രാത്രിയാണ് നെഞ്ചുവേദനയുണ്ടായത്. അസിഡിറ്റിയാണെന്ന് കരുതിയെങ്കിലും കുറയാതെ വന്നതോടെ ശനിയാഴ്ച രാവിലെ ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെനിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. ഇ.സി.ജിയിൽ വ്യത്യാസം കണ്ടതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ സിന്ധുവും ഒപ്പമുണ്ടായിരുന്നു. ആംബുലൻസിൽ അതിവേഗം എത്തിച്ച് അഞ്ചുദിവസം കഴിഞ്ഞിട്ടും ആൻജിയോഗ്രാം നടത്തിയില്ലെന്നാണ് കുടുംബം ഉന്നയിക്കുന്ന പരാതി.