പുഴ കൈയേറ്റം, ഏലൂർ നഗരസഭ വക

Sunday 09 November 2025 12:34 AM IST

കളമശേരി: ഏലൂർ നഗരസഭയിലെ പുത്തലംകടവിൽ പുഴ കൈയേറി അനധികൃതമായി മണ്ണിട്ടു പൊക്കിയ ഭൂമിയിൽ കടവ് നവീകരണമെന്ന പേരിൽ കെട്ടിട നിർമ്മാണത്തിന് തിരക്കിട്ട നീക്കം. കഴിഞ്ഞ വ്യാഴാഴ്ച ശിലാഫലകം സ്ഥാപിച്ച് നഗരസഭ ചെയർമാൻ ഉദ്ഘാടനം നടത്തി. പുഴ നികത്തിയെടുത്ത രണ്ട് സെന്റ് ഭൂമിയിൽ ഘട്ടംഘട്ടമായി നിർമ്മാണം നടത്തിയ ശേഷമാണ് ശിലാഫലകം സ്ഥാപിച്ചത്.

1996 ൽ തീരം കൈയേറി നിർമ്മിച്ച ക്ലബ് ജില്ലാ ഭരണകൂടം ഇടപെട്ട് ഏലൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പൊളിച്ചു മാറ്റിയിരുന്നു. പിന്നീട് ഇവിടെ അങ്കണവാടി നിർമ്മിക്കാൻ നടത്തിയ നീക്കം പഞ്ചായത്ത് യോഗത്തിലുണ്ടായ പ്രതിഷേധത്തെ തുടർന്നും രേഖകളില്ലാത്തതിനാലും നടന്നില്ല. പ്രതിഷേധങ്ങൾ കെട്ടടങ്ങി ഏതാനും വർഷം കഴിയുമ്പോൾ എന്തെങ്കിലും പേരിൽ വീണ്ടും രംഗത്തു വരും. ഇത്തവണ വയോമിത്രങ്ങൾക്ക് വിശ്രമകേന്ദ്രം എന്ന പേരിലാണ് നഗരസഭയുടെ പുഴ കൈയേറ്റശ്രമം.

പുഴ മലിനമായതിനാൽ വർഷങ്ങളായി ആരും കടവിൽ കുളിക്കുന്നില്ല. മറ്റ് ആവശ്യങ്ങൾക്ക് ഉപയാഗിക്കുന്നുമില്ല. കടവിനോട് ചേർന്ന് പാലവുമുണ്ട്.

2007 ജനുവരിയിൽ കുളിക്കടവിന്റെ ഭിത്തി പൊളിച്ച്, തെങ്ങുകൾ പിഴുത് മാറ്റിയാണ് പുഴയോരം കൈയേറി തറ കെട്ടിപ്പൊക്കിയത്. ഒരു ലക്ഷം രൂപ നഗരസഭ ചെലവാക്കി. റോഡ് പുറമ്പോക്കിലാണ് നിർമ്മാണമെന്ന് ന്യായീകരിക്കുകയും ചെയ്തു.

കെട്ടിടം നിർമ്മിക്കുന്നില്ല. വയോജനങ്ങൾക്ക് ഇരിപ്പിടവും പുഴയോട് ചേർന്ന് സംരക്ഷിതവേലിയുമാണ് നിർമ്മിക്കുന്നത്.

നസീറ റസാക്ക്,

വാർഡ് കൗൺസിലർ

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തട്ടില്ല. ഫലകത്തിൽ പേര് വച്ചത് സാധാരണ നടപടി. കടവ് നവീകരണ പദ്ധതി സംബന്ധിച്ച് ഫയൽ പരിശോധിച്ച് പറയാം.

സുജിത് കരുൺ,

നഗരസഭാ സെക്രട്ടറി.

പുഴ കൈയേറിയുള്ള അനധികൃത നിർമ്മാണം ശക്തമായി എതിർക്കും. ഇതിന്റെ പിന്നിൽ ഹിഡൻ അജൻഡയുണ്ട്. അതിനുവേണ്ടി കോൺഗ്രസ് കൗൺസിലറും സി.പി.എമ്മും കൈകോർത്തിരിക്കുകയാണ്.

പി.ബി. ഗോപിനാഥ്,

നഗരസഭ കൗൺസിലർ.

(ബി.ജെ.പി. പരിസ്ഥിതി

സെൽ ജില്ലാ കൺവീനർ)