'ഗുരുവായൂർ നടപ്പന്തലിൽ റീലെടുത്തിട്ടില്ല, മുറിച്ചത് മുട്ട ചേർക്കാത്ത കേക്ക്'; വിശദീകരണവുമായി ജസ്ന
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ജസ്ന സലിം. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഒരു ഷോപ്പിന്റെ വീഡിയോ മാത്രമാണ് എടുത്തതെന്നുമാണ് ജസ്ന പറയുന്നത്. ഇൻസ്റ്റഗ്രമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
'ഞാൻ നടപ്പന്തലിൽ നിന്ന് വീഡിയോ എടുത്തിട്ടില്ല. ഞാൻ ഗുരുവായൂർ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനൽ ചിത്രീകരിച്ചതാണ്. അവരാണ് അത് പങ്കുവച്ചത്. അല്ലാതെ ഞാൻ റീൽസ് എടുത്തിട്ടില്ല. പിന്നെ അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ ഞാൻ എടുത്തിട്ടുണ്ട്. അത് എന്റെ ചാനലിൽ ഉണ്ട്. ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. ഞാൻ മനസാവാച അറിയാത്ത കാര്യത്തിനാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ കേസ് വന്ന കേക്ക് വിവാദത്തിൽ ഞാൻ മുറിച്ചത് മുട്ട ഉപയോഗിക്കാത്ത കേക്കാണ്'- ജസ്ന വ്യക്തമാക്കി. വീഡിയോ.
ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയെത്തുടർന്നായിരുന്നു കേസെടുത്തത്. നേരത്തേ ക്ഷേത്രത്തിൽ ജസ്ന റീൽസ് ചിത്രീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപ്പന്തലിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സോഷ്യൽ മീഡിയയിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നവംബർ അഞ്ചിനായിരുന്നു പരാതി നൽകിയത്.
നേരത്തേ ക്ഷേത്ര നടപ്പന്തലിൽ കേക്കുമുറിച്ച് പിറന്നാൾ ആഘോഷിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. തുടർന്നാണ് നടപ്പന്തലിൽ വീഡിയോ ചിത്രീകരണം ഹൈക്കാേടതി വിലക്കിയത്. മതപരമായ ചടങ്ങുകളുടേതോ, വിവാഹങ്ങളുടേതോ അല്ലാത്ത വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഇതുമറികടന്നാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്. കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയും ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുകയും ചെയ്തതോടെയാണ് ജസ്ന സോഷ്യൽ മീഡിയയിൽ താരമായത്.