കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Saturday 08 November 2025 7:20 PM IST
പാലക്കാട്: അട്ടപ്പാടി കരുവാര ഈരിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയയ്ക്ക് (6) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ ചികിത്സയിലാണ്. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം നടന്നത്.
വനംവകുപ്പിന്റെ ജീപ്പിലാണ് അപകടത്തിൽപ്പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. ഈ വീടിന് അടുത്താണ് കുട്ടികളുടെ വീട്. എട്ട് വർഷമായി പാതി പണി കഴിഞ്ഞ നിലയിൽ വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്റെ സൺഷേഡിൽ നിന്നാണ് കുട്ടികൾ കളിച്ചത്. ഇതിനിടെ വീട് ഇടിഞ്ഞുവീഴുകയായിരുന്നു. മേൽക്കൂരയില്ലാത്ത വീടാണ്. കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.