പടക്കപ്പലിന്റെ തട്ടിൽ അഭിമാനത്തോടെ കുട്ടികൾ
കൊച്ചി: കണ്ടും കേട്ടമറിഞ്ഞ നാവികസേനയുടെ പടക്കപ്പലിൽ ആദ്യമായി കാലുകുത്തിയപ്പോൾ കുട്ടികൾക്ക് അമ്പരപ്പും അഭിമാനവും. കപ്പലിലെ ആയുധങ്ങളും സംവിധാനങ്ങളും സേനാംഗങ്ങളും അവർക്ക് പുതുമയാർന്ന കാഴ്ചയായി.
നാവികദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്കാണ് പടക്കപ്പലും നാവികസേനാ ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിക്കാൻ അവസരം കിട്ടിയത്. സതേൺ നേവൽ കമാൻഡിന് കീഴിലുള്ള ഷാർദുൽ ക്ലാസ് വിഭാഗത്തിൽപ്പെട്ട ടാങ്ക് ലാൻഡിംഗ് കപ്പൽ ഐ.എൻ.എസ് ഷാർദുൽ ആണ് കുട്ടികൾ സന്ദർശിച്ചത്.
വിവിധ സ്കൂളുകളിൽ നിന്നുള്ള 200 വിദ്യാർത്ഥികൾക്ക് അകമ്പടിയായി അദ്ധ്യാപകരും ഉണ്ടായിരുന്നു. നാവികസേനാംഗങ്ങൾ കുട്ടികളെ പടക്കപ്പലിലെ കാഴ്ചകളിലേക്ക് ആനയിച്ചു. കപ്പലിൽ ഘടിപ്പിച്ച ആയുധങ്ങളെക്കുറിച്ച് വിശദീകരിച്ചു. ലെറ്റ് മെഷീൻഗണ്ണും പിസ്റ്റളും റൈഫിളും കൈയിലെടുക്കാനും പരിശോധിക്കാനും അവസരം കിട്ടിയത് വിദ്യാർത്ഥികൾക്ക് മറക്കാനാകാത്ത അനുഭവമായി. സേനാംഗങ്ങൾ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
ഷാർദുലിന്റെ കമാൻഡർ സുമിത്ത് കുമാർ സിംഗിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ബുദ്ധിമുട്ട് നേരിടാത്ത രീതിയിലാണ് സന്ദർശനം ക്രമീകരിച്ചത്. സന്ദർശനത്തിന് ഒടുവിൽ കൈനിറയെ സമ്മാനങ്ങളും ഭക്ഷണവും നൽകി കുട്ടികളെ യാത്രയാക്കി.
നേവൽ ബെയ്സിലെ നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയ്റോനോട്ടിക്കൽ ട്രെയിനിംഗ് സെന്ററും (നിയാറ്റ്) വിദ്യാർത്ഥികൾ സന്ദർശിച്ചു. കുട്ടികളുടെ ചിരിയും കളിയും സന്തോഷവും ചോദ്യങ്ങളും നാവികസേനാംഗങ്ങൾക്കും മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ചു.