'അടുത്തത് ബം​ഗളൂരു - തിരുവനന്തപുരം വന്ദേഭാരത്, സബർബൻ, മെമു സർവീസുകളും പിന്നാലെ'

Saturday 08 November 2025 8:52 PM IST

തിരുവനന്തപുരം: ഇന്ന് രാവിലെയാണ് കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നടന്നത്. ഇപ്പോഴിതാ വന്ദേഭാരത് സർവീസ് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യമെന്ന് പറയുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

എറണാകുളം - ബംഗളൂരു വന്ദേഭാരത് അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സബർബൻ, മെമു സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം

അടുത്തത് തിരുവനന്തപുരത്തെയും ബെം​ഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവ്വീസ് ?

എറണാകുളം - ബെംഗളൂരു വന്ദേ ഭാരതിനായുള്ള നമ്മുടെ അഭ്യർത്ഥന പരിഗണിച്ച് ഉടനടി അനുകൂല തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്കും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ജിക്കും നന്ദി. വന്ദേഭാരത് സർവീസ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം.

ഒപ്പം തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സബർബൻ, മെമു സർവീസുകളും ആരംഭിക്കാനും പദ്ധതിയുണ്ട്. അടിസ്ഥാന സൗകര്യ വികസനം പുരോഗതിയിലേക്കുള്ള വഴിയൊരുക്കുന്നതിനൊപ്പം ജനജീവിതം കൂടുതൽ സു​ഗമമാക്കുകയും ചെയ്യും. ഓരോ പുതിയ പദ്ധതിയിലൂടെയും, വികസിത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ കൂടുതൽ അടുക്കുകയാണ്. ഇതാണ് പ്രവർത്തന മികവിന്റെ രാഷ്ട്രീയം.