രാഷ്ട്രീയത്തിൽ ഈഴവ പ്രാതിനിദ്ധ്യം കുറയുന്നു: വെള്ളാപ്പള്ളി നടേശൻ

Saturday 08 November 2025 9:31 PM IST

കൊല്ലം: കേരള രാഷ്ട്രീയത്തിലും ഭരണത്തിലും ഈഴവരുടെ പ്രാതിനിദ്ധ്യം കുറയുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആർ. ശങ്കറിന്റെ 53-ാം ചരമവാർഷികത്തോടനുബന്ധിച്ച് കൊല്ലം ശങ്കേഴ്സ് ആശുപത്രി അങ്കണത്തിൽ എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

'നമുക്ക് എത്ര എം.പിമാരും എം.എൽ.എമാരും ഉണ്ടെന്ന് പരിശോധിക്കണം. നമ്മുടെ എല്ലാ പ്രതാപങ്ങളും നഷ്ടമാവുകയാണ്. അധികാരത്തിൽ അധസ്ഥിതൻ എത്താതെ നമുക്ക് ഒന്നും നേടാൻ കഴിയില്ല. അർ. ശങ്കർ അധികാരത്തിൽ എത്തിയതുകൊണ്ടാണ് അക്കാലത്ത് നമുക്ക് പലതും ലഭിച്ചത്. പിന്നീട് വന്നവരെല്ലാം അവരുടെ സമുദായത്തിന് മാത്രം നൽകി. ഇതു പറയുമ്പോൾ എന്നെ വർഗ്ഗീയവാദിയാക്കുന്നു. ഞാൻ ഒത്തുപറയാതെ ഉള്ളത് പറയുന്നയാളാണ്. ഈഴവ സമുദായത്തിനും രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ നീതി ലഭിക്കേണ്ടേ? അത് ചോദിക്കുന്നത് എങ്ങനെ വർഗ്ഗീയതയാകും. ബാക്കിയുള്ളവർക്ക് കിട്ടുന്നത് പോലെ നമുക്കും കിട്ടണമെന്ന് പറയുന്നത് എങ്ങനെ ജാതിയാകും? ഞാൻ നീതിയാണ് ചോദിക്കുന്നത്. ഞാൻ പറയുന്നതിലെ ശരി തെറ്റുകൾ പോലും പരിശോധിക്കാതെയാണ് ചിലർ വിമർശിക്കുന്നത്. ആർ. ശങ്കറിനെ വേട്ടയാടിയവരുടെ പ്രേതങ്ങൾ എന്നെയും വേട്ടയാടുന്നു. പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർക്കാവുന്നതേയുള്ളു. ഒറ്റക്കെട്ടായി നിന്നാലേ നന്നാക്കാനാകൂ.

മറ്റുള്ളവരുടെ ഉയർച്ചയും വളർച്ചയും പാഠമാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈഴവ സമുദായം വല്ലാതെ പിന്തള്ളപ്പെടുകയാണ്. പുതിയ നിയമങ്ങളും ചട്ടങ്ങളും വന്നപ്പോൾ ആരാണ് വിദ്യാഭ്യാസ മേഖലയിൽ വളർന്ന് ഉയർന്നതെന്ന് കോളേജുകളിൽ ചെന്നാൽ മനസിലാകും. വസ്ത്രാധാരണവും അടയാളവും കാണുമ്പോൾ ആരാണ് അവിടെയുള്ളതെന്ന് മനസിലാകും. ഐ.എ.എസ്, ഐ.പി.എസ്, എം.ബി.ബി.എസ്, എൻജിനീയറിംഗ് രംഗങ്ങളിൽ ഈഴവരുടെ എണ്ണം കുറയുകയാണ്. പൊതുതാത്പര്യം കണക്കിലെടുത്ത് ഒന്നാകണം. ചിലർ കേസുമായി നടക്കുകയാണ്. ഇതിനുള്ള പണം എവിടെ നിന്നാണ്? സമുദായത്തെ തകർക്കാൻ ചില ഛിദ്രശക്തികൾ വളരെ ശക്തമായി ശ്രമിക്കുന്നുണ്ട്'- അദ്ദേഹം പറഞ്ഞു.

എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേയർ ഹണി ബെഞ്ചമിൻ മുഖ്യപ്രഭാഷണം നടത്തി. എം. നൗഷാദ് എം.എൽ.എ എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പങ്കെടുത്തു. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി. ജയദേവൻ സ്വാഗതവും മെഡിക്കൽ മിഷൻ അസി. സെക്രട്ടറിയും യോഗം കൊല്ലം യൂണിയൻ സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.