ഫറോക്ക് നഗരസഭ ഇടത്തോട്ടോ വലത്തോട്ടോ..?
രാമനട്ടുകര: ഓട്ടുകമ്പനികളുടെ ചൂളം വിളിയിൽ ഉറങ്ങി ഉണർന്ന പ്രദേശമായിരുന്നു ഫറോക്ക്. ഓട്ടു കമ്പനികളുടെ കാലം പേരിലേക്ക് ചുരുങ്ങുമ്പോൾ പുതിയ ജീവിത താളമായി പുത്തൻവ്യവസായങ്ങളും ചെരുപ്പും മാറി. പഞ്ചായത്തിൽ നിന്നും നഗരസഭയായി മാറിയപ്പോൾ ഒരു മുന്നണിക്കും ഇപ്പോൾ തുടർച്ചയായി ഭരണം അവകാശപ്പെടാനില്ല. മാറിയും മറിഞ്ഞും വാർഡുകൾ. ഒരേ മുന്നണിക്കാരെ തന്നെ സ്ഥിരമായി നിലനിർത്തി പോരുന്ന അവകാശവാദമൊന്നും ഫറോക്കിനില്ല. ഗ്രാമ പഞ്ചായത്തായിരുന്ന ഫറോക്ക് 2015 ലാണ് നഗരസഭയാവുന്നത്. ഇപ്പോൾ ചെയർമാൻ യു.ഡി.എഫിലെ എൻ.സി അബ്ദുൽ റസാഖ്. ആകെ 38 ഡിവിഷനുകളാണ് ഫറോക്ക്‌നഗരസഭയിൽ ഉള്ളത്. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഫറോക്കിന്റെ വികസനമെന്ന ലക്ഷ്യത്തിലാണ് കഴിഞ്ഞ കാലത്തെ 38 കൗൺസിലർമാരും. ഒരു ഡിവിഷൻ കൂടുതൽ ആയിട്ടുണ്ട്.
സീറ്റുനില യു.ഡി.എഫ് - 20 എൽ.ഡി.എഫ് - 17 ബി.ജെ.പി (എൻ.ഡി.എ) - ഒന്ന്
കടന്നുപോയത് വികസന വർഷങ്ങൾ എൻ.സി അബ്ദുൽ റസാഖ് (മുസ്ലീം ലീഗ് - ഫറോക്ക് നഗരസഭാ ചെയർമാൻ )
ഫറോക്കിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമൂഹത്തിന്റെ എല്ലാം മേഖലയിലുമുള്ള ജനവിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി വളർച്ചയുടെ പാതയിലാണ് നഗരസഭ. ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനം വിപുലപ്പെടുത്താൻ പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ചാണ് ഭരണം. സമാനതകളില്ലാത്ത വികസന പദ്ധതികളാണ് ഫറോക്കിന്റെ വളർച്ചയ്ക്കായി സമർപ്പിച്ചത്. സാധാരണക്കാരെയും തൊഴിലാളികളെയും ചേർത്തുപിടിച്ചുള്ള വികസന നയം നടപ്പാക്കുന്നത്. അടിസ്ഥാന മേഖലകൾക്ക് പ്രാധാന്യം നൽകിയ ക്ഷേമ പ്രവർത്തനങ്ങൾക്കാണ് മുൻഗണന.
തികഞ്ഞ പരാജയം എം.സമീഷ് (സി.പി.എം - പ്രതിപക്ഷ കൗൺസിലർ)
ഫറോക്ക് നഗരസഭാ ഭരണം തീർത്തും പരാജയമാണ് .ഫറോക്ക് കമ്മ്യൂണിറ്റി ഹാളിനായി കേരള സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ആറര ലക്ഷം രൂപ വകയിരുത്തിയിട്ടും അത് വേണ്ട പോലെ വിനയോഗിക്കുവാൻ നഗരസഭാ ഭരണാധികാരികൾക്ക് ആയിട്ടില്ല. ബഡ്‌സ് സ്‌ക്കൂളിനായി സർക്കാർ അനുവദിച്ച് നാല്പത്തി ഒൻപതര ലക്ഷം രൂപയും ഉപയോഗിച്ചില്ല. നഗരസഭയിലെ പേട്ട, കാരാട്ടിപ്പാടം, നല്ലൂരിലെ സ്റ്റേഡിയം എന്നീ ഗ്രൗണ്ടുകൾ നല്ല നിലയിൽ നന്നാക്കിയെടുക്കുവാൻ താല്പര്യപെടുന്നില്ല.
മോദിയാണ് മുഖം, ബി.ജെ.പി മുന്നേറും വി.മോഹനൻ ബി.ജെ.പി (സംസ്ഥാന കൗൺസിൽ, മെമ്പർ ഫറോക്ക്)
ഫറോക്ക് നഗരസഭയിൽ ഇക്കുറി ബി.ജെ.പി വലിയ മുന്നേറ്റം കാഴ്ചവെക്കും. കഴിഞ്ഞ തവണ ഒരു സീറ്റലേ ബി.ജെ.പി ജയിച്ചിട്ടുള്ളുവെങ്കിലും അഞ്ചു വാർഡുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. വിജയിച്ച വാർഡ് നിലനിർത്തുകയും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുഴുവൻ വാർഡുകളും മറ്റു ചില വാർഡുകളും പിടിച്ചെടുക്കുകയും ചെയ്യും. മോദി സർക്കാർ ഈ രാജ്യത്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഫറോക്കിലെ ജനങ്ങൾ ബി.ജെ.പിയെ മുന്നിലേക്ക് നയിക്കും.