ഇലന്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിടത്തിന് ടെൻഡറായി
ഇലന്തൂർ : ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 20 കോടി രൂപയുടെ ടെൻഡറായെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചത്. കിറ്റ്‌കോയ്ക്കാണ് നിർമ്മാണ ചുമതല. പുതുതായി നിർമ്മിക്കുന്ന അക്കാഡമി ബ്ലോക്കുകളിൽ നാല് നിലകളിലായി ആദ്യ കെട്ടിടം 42,000 സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്നത്. കോളേജ് ഓഡിറ്റോറിയവും കാന്റീനും ഉൾപ്പെടുന്ന ബ്ലോക്ക് 2 നിലകളിയിലായി 11,000 സ്‌ക്വയർ ഫീറ്റിലാണ് നിർമ്മിക്കുന്നത്. 3 സ്റ്റാർ റേറ്റിംഗിലാണ് നിർമ്മാണം. അഗ്‌നി സുരക്ഷ സംവിധാനം, ഭിന്ന ശേഷി സൗഹൃദ നിർമ്മാണം , മാലിന്യ സംസ്‌ക്കരണ സംവിധാനം , വാഹന പാർക്കിംഗ് സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2017 ലാണ് സ്ഥലമെടുപ്പിന് സർക്കാർ പണം അനുവദിച്ചത്. ഖാദി ബോർഡിൽ നിന്ന് ലഭിച്ച 3 ഏക്കറും, സ്വകാര്യ വ്യക്തികളിൽ നിന്നും 2.12 ഏക്കറും കൂടി ആകെ 5 ഏക്കർ 12 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്. കോളേജിലേക്കുള്ള വഴി വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കേണ്ട ഉടമകളുടെ ഒരു യോഗം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇലന്തൂരിൽ ചേർന്നിരുന്നു.