അഴിമതി കണ്ടെത്താൻ 'ഓപ്പറേഷൻ ഹരിത കവചം' ഭൂമി തരംമാറ്റം: ഗൂഗിൾ പേയിൽ മറിഞ്ഞത് ലക്ഷങ്ങൾ

Sunday 09 November 2025 3:10 AM IST

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിലെ അഴിമതി കണ്ടെത്താൻ ഓപ്പറേഷൻ 'ഹരിത കവചം' എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡുകളിൽ വെളിപ്പെട്ടത്‌ വമ്പൻ ക്രമക്കേടുകൾ. 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലും 32 ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളിലുമായിരുന്നു റെയ്ഡ്. വ്യവസ്ഥകൾക്ക് വിരുദ്ധമായി തണ്ണീർത്തടങ്ങളും വയലുകളും ഡാ​റ്റാബാങ്കിൽ നിന്നൊഴിവാക്കുന്നതായും ഇത് നികത്തി കെട്ടിടങ്ങളും വീടുകളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

2023മുതലുള്ള അപേക്ഷകളിലെ നടപടികൾ പരിശോധിച്ചതിൽ, ചിലയിടത്ത് തരംമാ​റ്റിയ ഭൂമി നീർച്ചാലുകൾ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങളിൽ മണ്ണിട്ട് നികത്തിയെടുത്തതാണെന്ന് കണ്ടെത്തി. തണ്ണീർതടങ്ങളുള്ളിടത്തും മണ്ണിട്ട് നികത്തി തരംമാ​റ്റം വരുത്തിയിട്ടുണ്ട്. തരം മാ​റ്റേണ്ട ഭൂമിയുടെ വിസ്തൃതിയിൽ 10% ജലസംരക്ഷണ നടപടികൾക്കായി നീക്കിവയ്ക്കണമെന്നതും പാലിച്ചിട്ടില്ല.

മൂവാ​റ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ തരംമാറ്റത്തിനായി പ്രവർത്തിക്കുന്ന ഏജൻസിയിൽ നിന്ന് 4,59,000 രൂപ ഗൂഗിൾ പേയിലൂടെ കൈപ്പറ്റിയതായി കണ്ടെത്തി. ഈ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ 11,69,000 രൂപയുടെ സംശയകരമായ ഗൂഗിൾപേ ഇടപാടുകൾ കണ്ടെത്തി. മലപ്പുറത്ത് ഡാ​റ്റാബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് ഒരുതവണ നിരാകരിച്ച അപേക്ഷ പരിശോധിച്ചപ്പോൾ വസ്തു മ​റ്റൊരാളുടെ പേരിൽ രജിസ്​റ്റർ ചെയ്ത ശേഷം പുതിയ അപേക്ഷ നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തരം മാ​റ്റിയതായി കണ്ടെത്തി. 11 അപേക്ഷകളിൽ ഒറ്റ ഫോൺ നമ്പരാണുള്ളത്. തളിപ്പറമ്പിൽ ഡേ​റ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി കൃഷി ഓഫീസറുടെ റിപ്പോർട്ട് ഇല്ലാതെ ഡേ​റ്റാ ബാങ്കിൽ നിന്നൊഴിവാക്കി ആർ.ഡി.ഒ ഉത്തരവിറക്കി. കണ്ണൂർ കളക്ടർ തരംമാ​റ്റം നിരസിച്ച അപേക്ഷയിൽ ആർ.ഡി.ഒ തരംമാ​റ്റം അനുവദിച്ചതായും കണ്ടെത്തി. കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ 2021മുതലുള്ള അപേക്ഷകളിൽ നടപടിയെടുത്തിട്ടില്ല.

''ക്രമക്കേടുകൾ കണ്ടെത്താൻ ഉപഗ്രഹചിത്രങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയുണ്ടാവും. ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും, ഏജന്റുമാരുടെയും ബാങ്ക് വിവരങ്ങളടക്കം പരിശോധിക്കും.''

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി