പുതിയ നാടകങ്ങൾ ഉണ്ടാവുന്നില്ല:അടൂർ
തിരുവനന്തപുരം:നാടകങ്ങൾക്ക് വേദികൾ ലഭിക്കാത്ത കാലമാണിതെന്നും പുതിയ നാടകങ്ങൾ എഴുതാൻ ആളില്ലെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.വെള്ളയമ്പലം വിസ്മയാസ് മാക്സ് ക്യാമ്പസിൽ നടന്ന അവനവൻ കടമ്പ പുരസ്കാരസമർപ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവനവൻ കടമ്പയുടെ ആദ്യ നാടകത്തിന്റെ പ്രധാന ആളുകൾ ഇന്നില്ല.എന്നാൽ,അതേ ഉത്സാഹം നിലനിൽക്കുന്നതിൽ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാവാലം നാരായണപ്പണിക്കർ രചിച്ച അവനവൻ കടമ്പയെന്ന നാടകത്തിന്റെ അൻപത് വർഷത്തോടനുബന്ധിച്ച് ഏർപ്പടുത്തിയ അവനവൻ കടമ്പ പുരസ്കാരം അടൂർ പടയണി ആചാര്യൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ളയ്ക്ക് സമർപ്പിച്ചു.
കവി സുമേഷ്‌കൃഷ്ണൻ എഴുതി ആലപിച്ച 'കാവാലക്കളം'എന്ന കവിതയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.കാവാലം സ്കൂൾ ഓഫ് മ്യൂസിക്ക് ചെയർമാൻ വെട്ടുവേലി ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷതവഹിച്ചു.സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്വറൽ സ്റ്റഡീസ് ചെയർമാൻ പ്രദീപ് പനങ്ങാട് മുഖ്യപ്രഭാഷണം നടത്തി.കവി പി.നാരായണക്കുറുപ്പ് സ്മരണികപ്രകാശനം നടത്തി.കാവാലം സ്കൂൾ ഒഫ് മ്യൂസിക്ക് ഡയറക്ടർ കാവാലം സജീവ്,നെടുമുടി വേണുവിന്റെ ഭാര്യ സൂശീല വേണു,ഡോ.ജയകൃഷ്ണൻ,കെ.കലാധരൻ,പ്രോഗ്രാം കൺവിനർ കൃഷ്ണ ബാലകൃഷ്ണ,എസ്.രാധാകൃഷ്ണൻ,കെ.സുരേഷ് കുമാർ,കാവാലം ശശികുമാർ,സജി കമല എന്നിവർ പങ്കെടുത്തു.തുടർന്ന് ഗിരീഷ് സോപാനവും സംഘവും അവനവൻ കടമ്പയുടെ ഹ്രസ്വരൂപം അവതരിപ്പിച്ചു.