മത്സ്യത്തൊഴിലാളി സെൻസസ്: കൊച്ചിയുടെ 'വ്യാസ്' ആപ്പുകൾ

Sunday 09 November 2025 4:20 AM IST

ഡോ. ജെ. ജയശങ്കർ, പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ, കൊച്ചി

കൊച്ചി: രാജ്യത്തെ 12 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കണക്കെടുപ്പിന് കൊച്ചിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച വ്യാസ് ഭാരത്, വ്യാസ് സൂത്ര മൊബൈൽ ആപ്പുകൾ. പൂർണമായും ഡിജിറ്റലൈസ്ഡ് പ്ലാറ്റ്‌ഫോമിലാണ് കേന്ദ്ര സർക്കാരിന്റെ തീരദേശ മത്സ്യബന്ധന സെൻസസ്.

വീടുകളിലെത്തുന്ന 3500 എന്യുമറേറ്റർമാർ വ്യാസ് ഭാരത് മൊബൈൽ ആപ്ളിക്കേഷനിൽ ശേഖരിക്കുന്ന വിവരങ്ങൾ ഫീൽഡ് ലെവൽ കോ-ഓർഡിനേറ്റർമാർ പരിശോധിച്ച് പിഴവുകൾ തിരുത്തുന്നത് വ്യാസ് സൂത്ര ആപ്ലിക്കേഷനിലാണ്. ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നവംബർ 3ന് സെൻസസ് തുടങ്ങി. നോ‌ഡൽ ഏജൻസിയായ കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് ആപ്പുകൾ വികസിപ്പിച്ചത്.

□ വ്യാസ് ഭാരത് ആപ്പ്

'വെസെൽ ആൻഡ് യീൽഡ് അസസ്‌മെന്റ് സിസ്റ്റം" എന്നതിന്റെ ചുരുക്കം. ബേസിക് ഹൗസ്ഹോൾഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ അസെറ്റ് ടൂൾ എന്നതിന്റെ ചുരുക്കെഴുത്താണ് ഭാരത്. എന്യുമറേറ്റർമാർക്ക് ആപ്പിൽ വിവരങ്ങൾ തൽസമയം രേഖപ്പെടുത്താനും റെക്കാർഡ് ചെയ്യാനും സാധിക്കും. ഇന്റർനെറ്റ് സംവിധാനമില്ലാത്ത വിദൂര പ്രദേശങ്ങളിൽ ഓഫ്‌ലൈൻ സൗകര്യമുണ്ട്. നെറ്റുള്ളിടത്ത് അപ്പ്ലോഡാവും.

* വ്യാസ് സൂത്ര

പിഴവുകൾ സ്വയം കണ്ടെത്തി തിരുത്തുന്ന വ്യാസ്‌ സൂത്ര ആപ്പിലെ ‘സൂത്ര’ എന്നത് സൂപ്പർവിഷൻ, ട്രാക്കിംഗ് ടൂൾ എന്നതിന്റെ ചുരുക്കമാണ്. വിവരശേഖരണത്തിൽ പിഴവുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുന്ന ഓട്ടോമാറ്റിക് സംവിധാനം ആപ്പിലുണ്ട്. വസ്തുതാപരമായ ചില പിഴവുകൾ ഫീൽഡ് ഓഫീസർമാർ സ്വയം കണ്ടെത്തി തിരുത്തണം.

സെൻസസിന്റെ പുരോഗതി സി.എം.എഫ്.ആർ.ഐ കൊച്ചി കേന്ദ്ര ഓഫീസിലെ നാഷണൽ മറൈൻ ഫിഷറീസ് ഡേറ്റ സെന്ററിലെ (എൻ.എം.എഫ്.ഡി.സി) സ്ക്രീനിൽ തൽസമയം തെളിയും. ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജിന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘം കണക്കെടുപ്പിന്റെ പുരോഗതി വിലയിരുത്തും. സെൻസസിന്റെ ഭാഗമായി നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങൾക്ക് അർഹത. സെൻസസ് ഡിസംബർ 15ന് സമാപിക്കും.

“എന്യുമറേറ്റർമാരുടെ പഴയ ആൻഡ്രോയ്‌ഡ് വേർഷൻ മൊബൈൽ ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യാവുന്ന ആപ്പുകളാണ് വികസിപ്പിച്ചത്.”

-ഡോ. ജെ. ജയശങ്കർ,

പ്രിൻസിപ്പൽ സയന്റിസ്റ്റ്,

സി.എം.എഫ്.ആർ.ഐ,