പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബം സുപ്രീംകോടതിയിൽ
റാന്നി : തെരുവുനായയുടെ ആക്രമണത്തിൽ പേവിഷബാധയേറ്റ് മരിച്ച 12 വയസുകാരി അഭിരാമിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. പത്തനംതിട്ട പെരിനാട് സ്വദേശിയായ അഭിരാമിയുടെ അമ്മ രജനി, തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരിക്കുകയാണ്. അഭിരാമിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇതിനുപുറമെ, തെരുവുനായ ആക്രമണം കാരണം സംസ്ഥാനത്ത് മരണപ്പെട്ട മറ്റ് ഇരകളുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും രജനി ആവശ്യപ്പെട്ടു. തെരുവുനായ ആക്രമണ കേസുകളിലെ നഷ്ടപരിഹാരം നിർണയിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മിഷൻ നേരത്തെ അഭിരാമിയുടെ മാതാപിതാക്കളെ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. കടിയേറ്റ രീതി, ചികിത്സാ ചെലവുകൾ, കുട്ടിക്കും കുടുംബത്തിനുമുണ്ടായ മാനസിക പ്രയാസങ്ങൾ എന്നിവയെല്ലാം കമ്മിഷൻ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പെരിനാട് പഞ്ചായത്ത് 14.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. 2022ൽ ആണ് പത്തനംതിട്ട പെരിനാട്ടിൽ വീടിനു സമീപത്തുവച്ച് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് 22-ാം ദിവസം കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ മരണപ്പെടുകയായിരുന്നു. ഈ സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും വാക്സിൻ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്തിരുന്നു.