പമ്പയിലെ പാർക്കിംഗിന്  വനംവകുപ്പിന്റെ തടസം

Sunday 09 November 2025 12:41 AM IST

പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്ക് സൗകര്യപ്രദമായി ചക്കുപാലം ഒന്നിൽ പാർക്കിംഗ് അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെയും ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെയും നിർദ്ദേശങ്ങളോട് വനംവകുപ്പ് യോജിക്കുന്നില്ല. പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ ചെളിയും മണലും ചക്കുപാലം ഒന്ന് പാർക്കിംഗ് ഗ്രൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഇവിടെ നിന്ന് പമ്പ മണൽപ്പുറം, ത്രിവേണി ഹിൽടോപ്പ്, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് മാറ്റി പാർക്കിംഗ് അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡും ശബരിമല സ്‌പെഷ്യൽ കമ്മിഷണറും ആവശ്യപ്പെട്ടത്. എന്നാൽ ശേഖരിച്ചിരിക്കുന്ന ലോഡുകണക്കിന് മണൽ നീക്കം ചെയ്യുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. പാർക്കിംഗ് അനുവദിക്കണമെന്ന സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന്റെ റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് വനംവകുപ്പ് നിലപാട് വ്യക്തമാക്കിയത്. പ്രളയത്തെ തുടർന്ന് പമ്പയിൽ നിരോധിച്ച വാഹന പാർക്കിംഗിന് കഴിഞ്ഞ വർഷം മുതലാണ് കോടതിയുടെ അനുമതിയോടെ ഇളവ് ലഭിച്ചത്. ദേവസ്വം ബോർഡ് നൽകിയ ഹർജിയെ തുടർന്ന് ചക്കുപാലത്തും ഹിൽടോപ്പിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകി ഹൈക്കോടതി ജസ്റ്റീസുമാരായ അനിൽ കെ.നരേന്ദ്രനും എസ്.മുരളീകൃഷ്ണയും അടങ്ങിയ ദേവസ്വം ബഞ്ച് ഉത്തരവിറക്കുകയായിരുന്നു. 24 മണിക്കൂറും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ താത്കാലികമായാണ് അനുമതി. ഗതാഗതക്കുരുക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ പാർക്കിംഗ് നിരോധിക്കും. ചെയിൻ സർവീസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പാർക്കിംഗ് അനുവദിക്കരുതെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യം തള്ളിയായിരുന്നു ഹൈക്കോടതിയും ഉത്തരവ്. ഇതോടെ പമ്പയിൽ 2000 ചെറുവാഹനങ്ങൾക്ക് പാർക്കിംഗിന് വഴിയൊരുങ്ങി.

700 വാഹനങ്ങൾ പാർക്ക് ചെയ്യാം

ചക്കുപാലം ഒന്നിൽ പാർക്കിംഗിന് അനുമതി ലഭിച്ചാൽ 15 സീറ്റിൽ താഴെയുള്ള 700 വാഹനങ്ങൾക്ക് പാർക്കിംഗിന് സൗകര്യമൊരുങ്ങും. തീർത്ഥാടനകാലത്തും മാസപൂജവേളകളിലും അയ്യപ്പഭക്തർക്ക് ഇത് ഏറെ സൗകര്യമാകും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപായി അനുകൂല നടപടി ഉണ്ടായാൽ തീർത്ഥാടനകാലത്തെ പാർക്കിംഗ് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.

2018ലെ പ്രളയത്തെ തുടർന്ന് നിരോധിച്ച പമ്പയിലെ വാഹന പാർക്കിംഗ് വീണ്ടും ആരംഭിച്ചത് കഴിഞ്ഞ തീർത്ഥാടന കാലത്താണ്.

പമ്പയിലെ വിവിധയിടങ്ങളിൽ പാർക്ക്

ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണം

ഹിൽടോപ്പിൽ : 1500

ചക്കുപാലം രണ്ട് : 500

ചക്കുപാലം ഒന്നിൽ

[അനുമതി ലഭിച്ചാൽ] : 700