ബ്ലൂടൂത്തിന് പിന്നിലുമുണ്ട് ഒരു കഥ; പേരിന്റെ യഥാർത്ഥ ഉടമ ഒരു രാജാവ്, കാരണം വിചിത്രം

Sunday 09 November 2025 12:01 AM IST

ഇന്ന് എല്ലാവർക്കും സുപരിചിതമായ ഒന്നാണ് ബ്ലൂടൂത്ത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ വയർലെസ് സംവിധാനം വഴി വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് സാങ്കേതികവിദ്യയ്ക്ക് ആ പേര് എവിടെ നിന്ന് ലഭിച്ചെന്ന് അറിയാമോ? പത്താം നൂറ്റാണ്ടിൽ ഡെൻമാർക്കും നോർവേയും ഭരിച്ചിരുന്ന ഹെറാൾഡ് ബ്ലൂടൂത്ത് എന്ന രാജാവിന്റെ സ്‌മരണ‌ാർത്ഥമാണ് ബ്ലൂടൂത്ത് എന്ന പേര് ഉത്ഭവിച്ചത്.

ഡെൻമാർക്കിലേക്ക് ആദ്യമായി ക്രിസ്‌ത്യൻ മതം കൊണ്ടു വന്നത് ഹെറാൾഡ് രാജാവാണെന്നാണ് കരുതുന്നത്. 1997ൽ ഇന്റൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ജിം കർദാഷ് ആണ് ഇങ്ങനെയൊരു പേര് നിർദ്ദേശിച്ചത്. ഹെറാൾഡ് രാജാവിനെയും വൈക്കിംഗുകളെയും പറ്റിയുള്ള ഫ്രാൻസ് ജി. ബെംഗ്സണിന്റെ 'ദ ലോംഗ് ഷിപ്പ്സ് ' എന്ന ചരിത്ര ഫിക്ഷൻ നോവൽ വായിക്കുകയായിരുന്നു ജിം.

അപ്പോഴാണ് ' ബ്ലൂടൂത്ത് ' എന്ന പേര് ജിമ്മിന്റെ മനസിലുദിച്ചത്. ബ്ലൂടൂത്തും ഹെറാൾഡ് രാജാവും തമ്മിൽ ഒരു ബന്ധമുണ്ട്. തമ്മിൽ പരസ്‌പരം കലഹിച്ച് കഴിഞ്ഞിരുന്ന ഡാനിഷ് ഗോത്രവർഗങ്ങളെ തന്റെ ഭരണകാലത്ത് ഒറ്റ സാമ്രാജ്യത്തിന് കീഴിൽ കൊണ്ടുവരാൻ ഹെറാൾഡിന് കഴിഞ്ഞു.

അതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങളെ ഒറ്റ കുടക്കീഴിൽ കൊണ്ടുവരാൻ ബ്ലൂടൂത്തിനും സാധിക്കുന്നു. ഹെറാൾഡ് ബ്ലൂടൂത്തിലെ 'H ', 'B' എന്നീ അക്ഷരങ്ങളാണ് ബ്ലൂടൂത്തിന്റെ ലോഗോയിൽ കാണാൻ സാധിക്കുക. പ്രാചീന ജർമ്മാനിക് ലിപിയിലാണ് ഈ അക്ഷരങ്ങൾ ഉള്ളത്. ഇവ സംയോജിപ്പിച്ചാണ് ലോഗോ രൂപകല്‌പന ചെയ്‌തിരിക്കുന്നത്.