സ്‌കിൽ ഫെസ്റ്റിവെലിലെ ശ്രദ്ധാകേന്ദ്രമായി ത്രീഡി പ്രിന്റിംഗ് വ്യവസായയൂണിറ്റ്
പാലക്കാട്: മനസിൽ തോന്നുന്ന രൂപം പറയൂ... ഞങ്ങൾ അത് നിർമ്മിച്ചു തരാം. റയാനും ഉഷസും ഇത് പറയുമ്പോൾ കാണികൾ കൗതുകത്തോടെ ചുറ്റിലും കൂടി. സംസ്ഥാന സ്‌കിൽ ഫെസ്റ്റിവെല്ലിൽ കൊട്ടാരക്കര ഗവ. വി.എച്ച്.എസ്.എസിലെ ത്രീഡി പ്രിന്റിംഗ് വ്യവസായയൂണിറ്റ് കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു.
പൊതുവിദ്യാഭ്യാസരംഗത്ത് നവീന ആശയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടാരക്കര ബോയിസിൽ 3ഡി പ്രിന്റിംഗ് ആരംഭിച്ചത്. വിദ്യാഭ്യാസം കേവലം അറിവ് പകർന്ന് നൽകലല്ല, മറിച്ച് വിദ്യാർത്ഥികളിൽ പുതിയ ചിന്തകളും നൂതന ദിശാബോധവും ഉണർത്തുന്ന ഒരു പ്രക്രിയ കൂടിയാണെന്ന് തെളിയിക്കുന്ന തരത്തിൽ കുട്ടികൾ വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് ദൃശ്യചാരുത പകരുകയാണ്. ത്രിമാന അച്ചടി യൂണിറ്റിലൂടെ കുട്ടികൾക്ക് ഇനി അവരുടെ ആശയങ്ങളെയും സ്വപ്നങ്ങളെയും യാഥാർത്ഥ്യമാക്കാൻ സാധിക്കും.
സിദ്ധാന്തപരമായ അറിവിനപ്പുറം എൻജിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ, ഓട്ടോമൊബൈൽ, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രായോഗികമായി കാര്യങ്ങൾ നിർമ്മിച്ച് പഠിക്കാനും 3ഡി പ്രിന്റിംഗ് സഹായിക്കുന്നു. പദ്ധതിയുടെ ആരംഭത്തിൽ അലങ്കാര ചെടിച്ചട്ടികളുടെ നിർമ്മാണം, ആകർഷക വസ്തുവായ ലിത്തോഫെയിമുകളുടെ നിർമ്മാണം, പഠനാനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളാണിവിടെയുള്ളത്. രണ്ടാം വർഷ വിദ്യാർത്ഥികളായ റയാനും ഉഷസുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ പദ്ധതി കുട്ടികളിൽ സൃഷ്ടിപരമായ നവീനചിന്തകൾ ഉണർത്താനും പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന നവ സംരംഭകരെ കണ്ടെത്താനും ലക്ഷ്യമിടുന്നതായി 3ഡി പ്രിന്റിംഗിന് നേതൃത്വം നൽകുന്ന കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകനും വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാലുമായ ഷൈജിത്ത് ബി.ടി പറഞ്ഞു.