നാടിന്റെ ജലക്ഷാമം പരിഹരിക്കാൻ...വീണ്ടെടുക്കാം 'സുരങ്ക'യെ

Sunday 09 November 2025 1:08 AM IST

പാലക്കാട്: കടുത്ത വേനലിലും നൂറ്റാണ്ടുകൾ തുളുനാടിന്റെ ദാഹശമനികളായി നിലനിന്ന തുരങ്കങ്ങൾ (സുരങ്ക) ഇന്ന് നാശത്തിന്റെ വക്കിലാണ്. കുന്നിൻ താഴ്വാരങ്ങളിൽ ഭൂമിക്കു സമാന്തരമായി തുരന്നു കണ്ടെത്തുന്ന നീരുറവകളായ സുരങ്ക രാജ്യത്തുതന്നെ അപൂർവമായ ജലസ്രോതസുകളാണ്. ഇവയെ വീണ്ടെടുത്താൽ കേരളം ഇന്ന് അനുഭവിക്കുന്ന ജലക്ഷാമം ഏറക്കുറെ പരിഹരിക്കാമെന്ന് കാണിച്ചുതരികയായിരുന്നു കാസർകോഡ് പിലിക്കോട് സി.കെ.എൻ.എസ് ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ ശിഖ വിനോദും ടി.ദേവാങ്കനയും.

ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ഇരുവരും ഇന്നലെ നടന്ന ഹൈസ്കൂൾ വിഭാഗം സാമുഹ്യശാസ്ത്ര വർക്കിംഗ് മോഡൽ മത്സരത്തിലാണ് സുരങ്കയെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്ന പദ്ധതിയുമായെത്തിയത്.

കാസർകോട് ജില്ലയിലും കർണാടകയിലെ മലയോര മേഖലകളിലും മുൻപ് സജീവമായിരുന്ന ജലസംഭരണ, വിതരണ രീതിയായിരുന്നു സുരങ്ക.

ബന്തടുക്ക മാണിമൂലയിലെ അഞ്ചനടുക്ക, ഉപ്പളയ്ക്കടുത്തുള്ള ബായാർ, സജിൻകില, ഗുംപെ, സുധൻബല, മാനിപ്പാടി, കല്ലടുക്ക, മേലിനപഞ്ച, ആവളമട്ട തുടങ്ങിയയിടങ്ങളിലെല്ലാം സുരങ്ക തുരങ്കങ്ങളുണ്ടായിരുന്നു. മലയടിവാരങ്ങളിലും ഭൂമിക്കടിയിൽ നിന്നുണഅടാകുന്ന നീറുറവയിൽ നിന്നുള്ള ജലമാണ് തടാകംപോലെ കെട്ടിയുണ്ടാക്കി സംഭരിക്കുന്നത്. പിന്നീട് ഇത് കാർഷിക - ഗാർഹിക ആവശ്യങ്ങൾക്കായി പൈപ്പുവഴി വിതരണം ചെയ്യുന്നു. നീരുറവയായതിനാൽ തന്നെയും അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന ബാക്ടീരികളോ വൈറസുകളുടെയോ സാന്നിദ്ധ്യം ഈ വെള്ളത്തിലുണ്ടാകില്ലെന്നും ഇരുവരും പറയുന്നു. സുരങ്കയെ വീണ്ടെടുത്താൽത്തന്നെ നാടിന്റെ ജലക്ഷാമം ഏറക്കുറെ പരിഹരിക്കാമെന്നും ശിഖയും ദേവാങ്കനയും ഉറപ്പ് നൽകുന്നു.