ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ അനുവദിച്ചു

Sunday 09 November 2025 12:00 AM IST

തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമായി രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. യഥാക്രമം 10.3 കോടി, 8.94 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. കേരളം ഇതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമാകും.

കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ദിവസം കാത്ത് ലാബുകൾ അനുവദിച്ചിരുന്നു. കാത്ത് ലാബുകൾക്കും സി.സി.യുകൾക്കുമായി മൂന്ന് മെഡിക്കൽ കോളേജുകൾക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്.

സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 12 ആശുപത്രികളിൽ കാത്ത് ലാബ് സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാത്ത്ലാബ് പ്രൊസീജിയറുകൾ നടക്കുന്നത് കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലാണെന്നാണ് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ കണ്ടെത്തിയിരിക്കുന്നത്.