മദർ ഏലീശ്വാ വാഴ്‌ത്തപ്പെട്ടവൾ

Sunday 09 November 2025 12:00 AM IST

കൊച്ചി: പ്രാർത്ഥനകൾ സഫലം, മദർ ഏലീശ്വാ ഇനി വാഴ്‌ത്തപ്പെട്ടവൾ. വല്ലാർപാടം ബസിലിക്കയിൽ ആയിരങ്ങൾ സാക്ഷിയായ ചടങ്ങിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാംഗ് രൂപത മെത്രാൻ കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നിർവഹിച്ചു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മദർ ഏലീശ്വായെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ അഭ്യർത്ഥിച്ചു. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി സന്ദേശം നൽകി. കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മദർ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്‌തു. മദറിന്റെ തിരുശേഷിപ്പ് അൾത്താരയിൽ പ്രതിഷ്ഠിച്ചു. ഏലീശ്വായുടെ നൊവേന ബിഷപ്പ്സ് കൗൺസിൽ സി.ബി.സി.ഐ ദേശീയ അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ്പ് ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്‌തു. ലത്തീൻ ബിഷപ്പ്സ് കൗൺസിൽ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സുവനീർ പ്രകാശനം ചെയ്തു. കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മദർ ഷഹീലക്ക് നൽകി നിർവഹിച്ചു.

വൈപ്പിനിലെ ഓച്ചന്തുരുത്ത് വൈപ്പിശേരി കുടുംബാംഗമായ ഏലീശ്വായാണ് 1968 ഫെബ്രുവരിയിൽ കേരളത്തിൽ ആദ്യമായി സന്യാസിനിസഭ സ്ഥാപിച്ചത്. വരാപ്പുഴ കൂനമ്മാവിൽ സഭയും പെൺപള്ളിക്കൂടവും അനാഥമന്ദിരവും സ്ഥാപിച്ചു.

1913 ജൂലായ് 18ന് നിര്യാതയായ ഏലീശ്വായെ 2008 മാർച്ചിൽ ദൈവദാസിയായും 2023 നവംബറിൽ ധന്യയായും പ്രഖ്യാപിച്ചു. രോഗശാന്തി ഉൾപ്പെടെ അത്ഭുതങ്ങൾ പ്രവർത്തിച്ചത് വിലയിരുത്തിയാണ് വാഴ്‌ത്തപ്പെട്ട പദവി അനുവദിച്ചത്.