വന്ദേഭാരത് മലയാളികളുടെ ഹൃദയം കവർന്ന തോഴൻ : സുരേഷ് ഗോപി

Sunday 09 November 2025 12:32 AM IST

തൃശൂർ : മലയാളികളുടെ ഹൃദയം കവർന്ന തോഴനാണ് വന്ദേഭാരതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എറണാകുളം - ബംഗളൂരു വന്ദേഭാരതിന്റെ ആദ്യ യാത്രയ്ക്ക് തൃശൂരിൽ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവിനെ പോലെയാണ് വന്ദേഭാരതിന് എല്ലായിടത്തും സ്വീകരണം ലഭിക്കുന്നത്. എയിംസ്, റോഡ് നിർമ്മാണം എന്നിവയിലും വൻ പുരോഗതിയാണ് ഉണ്ടാകുന്നത്. മൂന്നോ നാലോ എയിംസ് ഉള്ളിടത്ത് നിന്ന് 28 ഓളം എയിംസ് എന്ന നിലയിലേക്ക് മാറാനായി. സ്വപ്‌നം കാണാൻ പോലും സാധിക്കാതിരുന്ന കാശ്മീരിൽ വരെ എയിംസായെന്നും സുരേഷ് ഗോപി പറഞ്ഞു. മുൻ ഡി.ജി.പി ജേക്കബ് തോമസ്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, റെയിൽവേ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ എസ്.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.