ഫാക്കൽറ്റി ഡീനിന്റെ ജാതി അധിക്ഷേപം, അടിയന്തര അന്വേഷണം നിർദ്ദേശിച്ച് മന്ത്രി

Saturday 08 November 2025 11:34 PM IST

തിരുവനന്തപുരം; കേരള സർവകലാശാല പഠന വകുപ്പിൽ സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയതായി വന്ന വാർത്തയിൽ മന്ത്രി ഡോ. ആർ ബിന്ദു അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി.

സർവകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കുകയും അനാവശ്യ വിവാദങ്ങളിലേക്ക് തള്ളിവിടുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും ആവശ്യപ്പെടുകയും ചെയ്തു.

നാക് അക്രഡിറ്റേഷനിൽ ഡബിൾ എ പ്ലസും സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളിൽ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ അഞ്ചാം സ്ഥാനവും നേടി ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒന്നാം നിരയിലുള്ള സർവകലാശാലയിൽ ഇത്തരം സംഭവമുണ്ടായത് ഉന്നതവിദ്യാഭ്യാസ രംഗത്തിനു മാത്രമല്ല സംസ്ഥാനത്തിനാകെ ദുഷ്പേരുണ്ടാക്കിയെന്ന് പ്രോ ചാൻസലറെന്ന നിലയിൽ വൈസ് ചാൻസലർക്ക് അയച്ച കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. ആരോപണ വിധേയയായ ഫാക്കൽറ്റി അംഗം ദൃശ്യമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യവും പരിശോധിക്കണം - വൈസ് ചാൻസലറോട് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

നിയമപരമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് സർവകലാശാലാ രജിസ്ട്രാർക്കും മന്ത്രി നിർദ്ദേശം നൽകി.