മണിയാശാന്റെ മനസ് നിറയെ വരവർണങ്ങൾ
71-ാം വയസിലും ചിത്രരചനയിൽ സജീവം
കൊല്ലം: വയസ് 71ൽ എത്തിയെങ്കിലും മണിയാശാന്റെ പകലിരവുകളിൽ വര വർണങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. ഇതിനോടകം വരച്ചു കൂട്ടിയത് അയ്യായിരത്തിലധികം ചിത്രങ്ങൾ. വാട്ടർ കളർ, ഇനാമൽ പെയിന്റ്, എണ്ണച്ചായം, അക്രൈലിക് എന്നു വേണ്ട എന്തും വഴങ്ങും ആ വിരലുകൾക്ക്.
കുണ്ടറ മുളവന സ്വദേശിയായ എൻ.എസ്. മണിയെന്ന, നാട്ടുകാരുടെ പ്രിയപ്പെട്ട മണിയാശാൻ പത്താം വയസിലാണ് വരയുടെ ലോകത്ത് പിച്ചവച്ചു തുടങ്ങിയത്. ഇതുവരെ വരച്ച മുഖച്ചിത്രങ്ങൾ മാത്രം രണ്ടായിരത്തോളം വരും. എം.ടിയും ഐ.എം.വിജയനും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെ പ്രശസ്തരും അപ്രശസ്തരും സുഹൃത്തുക്കളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. രവിവർമ ചിത്രങ്ങൾ അടക്കം ക്യാൻവാസിലേക്ക് പകർത്തി. ആവശ്യപ്രകാരം നിരവധി ആരാധനാലയങ്ങളിലേക്കും ചിത്രങ്ങൾ വരച്ച് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലടക്കം മണിയാശാന്റെ ചിത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
ഗുരുക്കൻമാർ ആരുമില്ലെന്നതാണ് മണിയാശാന്റെ പ്രത്യേകത. അമ്മ ജാനകിയമ്മാളിന്റെ പിന്തുണയാണ് ചിത്രരചനയിലേക്ക് നയിച്ചത്. ഒരു ചിത്രം വരച്ചാലുടൻ അമ്മയെ മാത്രം കാണിക്കും. അമ്മയ്ക്കിഷ്ടപ്പെട്ടാൽ പിന്നെ ശേഖരത്തിലേക്ക് മാറ്റും. അച്ഛൻ നാണു ആചാരി പ്രത്യക്ഷത്തിൽ പിന്തുണച്ചില്ലെങ്കിലും മകന്റെ കഴിവിൽ അഭിമാനിച്ചിരുന്നു. എസ്.എസ്.എൽ.സി കഴിഞ്ഞെങ്കിലും ചിത്ര രചനയെ ഉപജീവനമാർഗമാക്കി. ഇളമ്പള്ളൂർ ശിഖാ നിവാസിലാണ് താമസം. ഭാര്യ: ലതാമണി. മക്കൾ ശ്രീരേഖ എസ്.മണി, ശ്രീരാജ് എസ്.മണി എന്നിവരും ചിത്രരചനയിൽ കഴിവ് തെളിയിച്ചവരാണ്.
സ്വപ്നം ആർട്ട് ഗ്യാലറി
വീട്ടിലെ മുറികളിൽ ഒന്നിനുമേൽ ഒന്നായി അടുക്കി വച്ചിരിക്കുന്ന ചിത്രങ്ങൾ നന്നായി സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും ഒരു ആർട്ട് ഗ്യാലറിയാണ് മണിയാശാന്റെ സ്വപ്നം. സ്ഥലം ഉണ്ടെങ്കിലും സമ്പത്തിക പ്രതിസന്ധിയാണ് തടസമായി നിൽക്കുന്നത്. മുഖച്ചിത്രങ്ങൾ വരച്ച് ഗിന്നസിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. 'മണിച്ചിത്രമേളം 25' എന്ന പേരിൽ മേരാ ഘർ ഇന്ത്യ കൊല്ലം ചാപ്ടറിന്റെ സഹകരണത്തോടെ കൊല്ലം പബ്ലിക് ലൈബ്രറി ക്വയിലോൺ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന, മണിയാശാന്റെ ചിത്ര പ്രദർശനം ഇന്ന് അവസാനിക്കും.