അടിയാത്തിയായി ആടിത്തിമിർത്ത് അനഘ
കൊല്ലം: ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ അടിയാത്തിയായി ആടിത്തിമിർത്ത് ഹൈസ്കൂൾ വിഭാഗം നാടോടിനൃത്ത മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി എഴുകോൺ വി.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആർ.എസ്. അനഘ.
അനഘ ഭാവചലനങ്ങളിലൂടെ ചാതുർവർണ്യത്തിന്റെ ക്രൂരതകൾ പുതിയകാലത്തിന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തി. കുഞ്ഞിന്റെ വിശപ്പടക്കാൻ ക്ഷേത്രത്തിൽ നിന്ന് പടച്ചോറ് മോഷ്ടിച്ച അടിയാത്തി ക്രൂരമായ ചാട്ടവറടികൾക്ക് വിധേയമാകുന്നത് അനഘ അരങ്ങിൽ അവതരിപ്പിച്ചപ്പോൾ കാണികളുടെ കണ്ണ് നിറഞ്ഞു. പ്രസിദ്ധ കാഥികനും അദ്ധ്യാപകനുമായ കടയ്ക്കോട് സാംബശിവന്റെ കൊച്ചുമകളും സി.ആർ.എഫ് കമാൻഡിംഗ് ഓഫീസർ രതീഷിന്റെയും ഹയർ സെക്കൻഡറി അദ്ധ്യാപികയായ ശുഭേന്ദുവിന്റെയും മകളുമാണ് ആർ.എസ്. അനഘ. കൊല്ലം സെന്റ് ജോസഫ് എച്ച്.എസ്.എസിൽ നടന്ന ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സവിതാദേവി ഉദ്ഘാടനം ചെയ്തു. ഒൻപത് ഇനങ്ങളിലായി 72 വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരച്ചു.