പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്തനടപടി, 67 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

Sunday 09 November 2025 12:26 AM IST

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ 67.03 കോടി രൂപയുടെ സ്വത്തുക്കൾ കൂടി ഇ.ഡി കണ്ടുകെട്ടി. ട്രസ്‌റ്റുകളുടെയും രാഷ്ട്രീയവിഭാഗമായ എസ്.ഡി.പി.ഐയുടെയും പേരിലുള്ള എട്ട് സ്വത്തുക്കളാണിവ. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കൾ 131 കോടിയുടേതായി. ഭീകര പ്രവർത്തനങ്ങൾക്കുൾപ്പെടെ വൻതോതിൽ ഫണ്ട് വിനിയോഗിച്ചെന്നാണ് ഇ.ഡി കണ്ടെത്തൽ.

പി.എഫ്.ഐക്കെതിരെ ഇ.ഡിയുടെ ഡൽഹിയിലെ ആസ്ഥാനം രജിസ്റ്റർ ചെയ്ത കള്ളപ്പണ നിരോധന നിയമ പ്രകാരമുള്ള കേസുകളിലാണ് നടപടി. പി.എഫ്.ഐയുടെ നേതാക്കളും അംഗങ്ങളും വിദേശത്തും സ്വദേശത്തും നിന്ന് ഹവാലയായും സംഭാവനയായും കോടികൾ ഇന്ത്യയിൽ എത്തിച്ചു. സാമൂഹിക സേവനമെന്ന പേരിലും വിദേശത്തുനിന്ന് വൻതുക പിരിച്ചെടുത്തു. ഇതിലേറെയും എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്.

2022ൽ രജിസ്റ്റർ ചെയ്‌ത കേസിൽ 28 പ്രവർത്തകരെ അറസ്റ്റ് ചെയ്‌തിരുന്നു. എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയും ഇതിലുൾപ്പെടുന്നു. പി.എഫ്.ഐയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചതിൽ സാമ്പത്തികയിടപാടുകളുടെ വിവരങ്ങൾ ലഭിച്ചതായി ഇ.ഡി അറിയിച്ചു. പണമിടപാടുകൾ രേഖാപരമാകാതിരിക്കാൻ ആസൂത്രിതമായാണ് പ്രവർത്തിച്ചത്. വ്യക്തികളുടെയും ട്രസ്റ്റുകളുടെയും പേരിലുള്ള സ്വത്തുക്കൾ സംബന്ധിച്ച രേഖകളും സൂക്ഷിച്ചിരുന്നു.

കണ്ടുകെട്ടിയ സ്വത്തുക്കൾ

 മലപ്പുറത്തെ ഗ്രീൻവാലി ഫൗണ്ടേഷൻ

 മലപ്പുറം പൂവഞ്ചിറയിലെ ഹരിതം ഫൗണ്ടേഷൻ

 ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ്

 പന്തളം എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്

 ഇസ്‌ളാമിക് സെന്റർ ട്രസ്റ്റ്, വയനാട്

 ആലുവ പെരിയാർ വാലി ചാരിറ്റബിൾ ട്രസ്റ്റ്

 പാലക്കാട് വള്ളുവനാട് ട്രസ്റ്റ്

 തിരുവനന്തപുരത്തെ എസ്.ഡി.പി.ഐ ഓഫീസ്