വനിതകളെ ആവശ്യമുണ്ട്,​ സ്ഥാനാർത്ഥിയാകാൻ 

Sunday 09 November 2025 12:59 AM IST

കോട്ടയം: 50 ശതമാനം വനിതാ സംവരണം. ഇതിനു പുറമേ എസ്.സി, എസ്.ടി സംവരണം വേറെ. മണ്ഡലങ്ങളിൽ 60 ശതമാനത്തോളം സംവരണമായതോടെ സ്ഥാനാർത്ഥിയാക്കാൻ വനിതകളെ തേടി മുന്നണികൾ നെട്ടോട്ടത്തിൽ.

അദ്ധ്യക്ഷസ്ഥാനം എസ്.സി, എസ്.ടി സംവരണമായിടങ്ങളിൽ ആളെ കണ്ടെത്താൻ മുന്നണികൾ വെള്ളംകുടിക്കും. ജനറൽ സംവരണമായതോടെ സീറ്റില്ലാതെ പോയ പുരുഷന്മാരാകട്ടെ വിരലിലെണ്ണാവുന്ന ജനറൽ സീറ്റിനായി കൂട്ടയടിയിലാണ്.

വനിതാ സ്ഥാനാർത്ഥിയെ കണ്ടെത്തിയാൽ ആദ്യം ഭർത്താവിനെ സമീപിക്കും. നടന്നില്ലെങ്കിൽ അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പിടിക്കും. അതല്ലെങ്കിൽ വിദേശത്തും സ്വദേശത്തുമുള്ള മക്കൾ വഴി ഒരു കൈ നോക്കും. എന്നിട്ടും താത്പര്യം കാണിക്കുന്നില്ലെങ്കിൽ, മറ്റു മുന്നണികളുടെ സ്ഥാനാർത്ഥിയാകാതിരിക്കാനുള്ള കളി കളിക്കും.

ഡിമാൻഡ് റിട്ട.

അദ്ധ്യാപകർക്ക്

വിരമിച്ച അദ്ധ്യാപകർക്കാണ് സ്ഥാനാർത്ഥി നിർണയത്തിൽ കൂടുതൽ ഡിമാൻഡ്. വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട, വിപുലമായ ശിഷ്യ സമ്പത്ത് എന്നീ പ്രത്യേകതകളാണ് റിട്ട. അദ്ധ്യാപകരോടുള്ള പ്രിയത്തിന് കാരണം. കോട്ടയം ജില്ലയിൽ പ്രത്യേക രാഷ്ട്രീയ താത്പര്യമില്ലാത്ത, അറിയപ്പെടുന്ന റിട്ട. അദ്ധ്യാപികയെ തേടി മൂന്നു മുന്നണി നേതാക്കളുമെത്തി. താത്പര്യമില്ലെന്നറിയിച്ചതോടെ മന്ത്രിമാരെ കൊണ്ടുവരെ ശുപാർശ ചെയ്യിച്ചു നോക്കി.