ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം, നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കും: രാഹുൽ ഗാന്ധി
ബത്തേരി: ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം പരിഹരിക്കാനായി നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ഒന്നായി ചേർന്നിരിക്കുകയാണെന്നും, ഈ പ്രശ്നം പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും സമരത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
'ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിൽ ഇത് സാധിച്ചിട്ടുണ്ട്, ഇവിടെയും സാധ്യമാകേണ്ടതാണ്. നിയമപരമായ വിഷയമായി ഇത് മാറിയിട്ടുണ്ട്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഒരുപാട് ആളുകളെ ബാധിക്കുന്ന വലിയ ബുദ്ധിമുട്ടായി രാത്രിയാത്രാ നിരോധനം മാറിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യത്തിൽ എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ച് നല്ല പരിഹാരം ഉണ്ടാക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വയനാടിന്റെ പ്രശ്നത്തോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുകയും വേണം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഈ പ്രശ്നത്തെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്'-രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് രാഹുൽ ഗാന്ധി സമരപ്പന്തലിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി,കെ.സി വേണുഗോപാൽ, എം.കെ രാഘവൻ, ടി. സിദ്ദിഖ് എന്നിവരും രാഹുലിനൊപ്പം സമരപ്പന്തലിലെത്തിയിരുന്നു. ഉപവാസ സമരം നടത്തി ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ബത്തേരി വിനായക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമരക്കാരെ അദ്ദേഹം സന്ദർശിക്കുകയും, അവരുമായി ചർച്ച നടത്തുകയും ചെയ്തു.
രാത്രിയാത്രാ നിരോധനം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും നേരത്തെ മുഖ്യമന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദേശീയ പാതയിൽ കഴിഞ്ഞ 10 വർഷമായി നിലനിൽക്കുന്ന രാത്രിയാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരിഗണിക്കവേ പകൽകൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീം കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സംയുക്ത സമരസമിതി സമരം ആരംഭിച്ചത്. 2010 ലാണ് ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി കൊണ്ട് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികൾക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.