ഗുരുവിനെയും ദർശനത്തേയും കുറിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവ് പകരണം

Sunday 09 November 2025 2:23 AM IST

ശിവഗിരി : വിദ്യാർത്ഥികളിൽ ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവ ദർശനത്തെയും കൃതികളെയും പറ്റി അദ്ധ്യാപകർ കൂടുതൽ അറിവ് പകരണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ ചേർന്ന ശിവഗിരി മഠം സ്ഥാപനങ്ങളുടെ ജീവനക്കാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

ഗുരുദേവ ദർശനം ആഗോളതലത്തിലെത്തിക്കുന്നതിന് ശിവഗിരി മഠം വിവിധ ലോകരാജ്യങ്ങളിൽ സമ്മേളനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ആസ്ട്രേലിയൻ ഗവണ്മെന്റ് ശിവഗിരി മഠത്തിന് അവാർഡ് നല്‍കിയതും ഗുരുദേവ ചിത്രം ആലേഖനം ചെയ്ത സ്മാരക സ്റ്റാമ്പ് പ്രസിദ്ധീകരിച്ചതും ശിവഗിരി മഠം ലോകസമാധാനത്തിനായി ചെയ്തുവരുന്ന സേവനങ്ങളെ മാനിച്ചാണെന്നും സ്വാമി പറഞ്ഞു.

ധർമ്മസംഘം ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ 93-ാമത് തീർത്ഥാടന വിശദീകരണം നടത്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശിവഗിരി മഠം സ്കൂൾസ് കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ , തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ശിവഗിരി മഠം പി.ആർ.ഒ ഇ.എം സോമനാഥൻ, ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ, കോളേജ് ഒഫ് നഴ്സിംഗ്, ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ, ശിവഗിരി ഹൈസ്കൂൾ, ശിവഗിരി ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ, എസ്.എസ്.എൻ.എം.എം. ഹോസ്പിറ്റൽ, സ്കൂൾ ഒഫ് നഴ്സിംഗ്, ആലുവ ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ, കുറിച്ചി എ.വി.എച്ച്.എസ്.എസ്, കുറിച്ചി എ.വി. ഹൈസ്കൂൾ, വക്കം ശിവഗിരി ശ്രീശാരദാവിദ്യാനികേതൻ എന്നിവയെ പ്രതിനിധീകരിച്ച് സ്ഥാപന മേലധികാരികൾ എന്നിവർ സംസാരിച്ചു.