എറണാകുളം - ബംഗളൂരു വന്ദേഭാരത് സർവീസിന് തുടക്കം

Sunday 09 November 2025 3:24 AM IST

കൊച്ചി: ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ഇന്നലെ രാവിലെ 8.40ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ ഓടിത്തുടങ്ങി. വിദ്യാർത്ഥികളും മാദ്ധ്യമപ്രവർത്തകരും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായി കന്നി യാത്രയും നടത്തി. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയായി. കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,സംസ്ഥാന മന്ത്രിമാരായ വി. അബ്ദുറഹിമാൻ,പി.രാജീവ്,എം.പിമാരായ ഹൈബി ഈഡൻ,ഹാരിസ് ബീരാൻ,മേയർ അഡ്വ. എം.അനിൽ കുമാർ,ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർ പദ്മജ എസ്. മേനോൻ,ജില്ലാ കളക്ടർ ജി. പ്രിയങ്ക,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,ദക്ഷിണ റെയിൽവേ അഡിഷണൽ ജനറൽ മാനേജർ വിപിൻ കുമാർ,തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബുക്കിംഗ് തുടങ്ങി

11 മുതൽ വന്ദേഭാരത് പതിവ് സർവീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിംഗും ഇന്നലെ ആരംഭിച്ചു. എറണാകുളം-ബംഗളൂരു റൂട്ടിലെ സാധാരണ ട്രെയിൻ സർവീസുകളെ അപേക്ഷിച്ച് രണ്ടര മണിക്കൂർ സമയം വന്ദേഭാരതിലൂടെ ലാഭിക്കാം.

ടിക്കറ്റ് നിരക്ക് ഭക്ഷണം ഉൾപ്പെടെ

ചെയർകാർ: ₹1615.00

എക്സിക്യൂട്ടീവ് ചെയർ: ₹ 2980.00

8.40 മണിക്കൂർ യാത്ര

കെ.എസ്.ആർ ബംഗളുരൂവിൽ നിന്ന് പുലർച്ചെ 05.10ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 26651) ഉച്ചക്ക് 01.50ന് എറണാകുളം ജംഗ്ഷനിലെത്തും. കൃഷ്ണരാജപുരം,സേലം,ഈറോഡ്,തിരുപ്പൂർ,കോയമ്പത്തൂർ, പാലക്കാട്,തൃശൂർ,എറണാകുളം. മടക്കയാത്ര എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചക്ക് 02.20ന് പുറപ്പെട്ട് (നമ്പർ 26652) രാത്രി 11.00ന് കെ.എസ്.ആർ ബംഗളൂരു സ്റ്റേഷനിലെത്തും.