മെട്രോ പില്ലറിൽ കാർ ഇടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം
മരിച്ചത് ആലപ്പുഴ ജില്ലക്കാർ
കൊച്ചി: നഗരത്തിലെ ഇടപ്പള്ളിയിൽ സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മെട്രോ റെയിലിന്റെ തൂണിലേക്ക് പാഞ്ഞുകയറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഗുരുതര പരിക്കേറ്റ രണ്ടുപേർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആലപ്പുഴ അവലുക്കുന്ന് എം.എം മൻസിലിൽ മുനീർ നസീർ (22), ആലപ്പുഴ സ്റ്റേഡിയം വാർഡിൽ തപാൽ പറമ്പിൽ വീട്ടിൽ ഹാറൂൺ ഷാജി (24) എന്നിവരാണ് മരിച്ചത്. ആലപ്പുഴ വലിയമരം ഇലയിൽ വീട്ടിൽ യാക്കൂബ് ഹാരിസ് (20), വലിയമരം കൊച്ചുകണ്ടത്തിൽ വീട്ടിൽ ആദിൽ സിയാദ് (20) എന്നിവരാണ് ചികിത്സയിലുള്ളത്. ഇന്നലെ പുലർച്ചെ 3.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമായിരുന്നു അപകടം.
പ്രവാസിയായ സുഹൃത്ത് അബ്ദുള്ള സുബൈറിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കാനാണ് വീട്ടുകാർക്കു പിന്നാലെ നാലുപേരും ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടത്. ദേശീയപാതവഴി ഇടപ്പള്ളിയിൽ എത്തിയെങ്കിലും വഴിതെറ്റി. ആലുവയ്‌ക്ക് തിരിയുന്നതിന് പകരം പാലാരിവട്ടത്തേക്ക് തിരിഞ്ഞ് മുന്നോട്ടുനീങ്ങി. അമിതവേഗത്തിലായിരുന്ന കാർ ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണംതെറ്രി 500ാം നമ്പർ മെട്രോപില്ലറിലേക്ക് ഇടതുവശം ചേർന്ന് ഇടിച്ചുകയറി. തട്ടിത്തെറിച്ച് മീഡിയന് മുകളിലൂടെ ഉയർന്നുപൊങ്ങിയ കാർ ഒരുവട്ടം കരണം മറിഞ്ഞ് എതിർവശത്തെ റോഡിലേക്ക് പതിച്ചു. കാറിന് ഗുരുതര കേടുപാടുകളുണ്ടായെങ്കിലും എയർബാഗ് പ്രവർത്തിക്കാത്തത് ആഘാതം വർദ്ധിപ്പിച്ചു.
ഇതുവഴിയെത്തിയ ബൈക്ക് യാത്രികൻ സമീപമുണ്ടായിരുന്നവർ കൺട്രോൾ റൂം പട്രോളിംഗ് സംഘത്തെ വിവരം അറിയിച്ചതാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഒരാളെ പൊലീസ് ജീപ്പിലും മൂന്നുപേരെ രണ്ട് ഓട്ടോ റിക്ഷകളിലുമായി തൊട്ടടുത്ത എം.എ.ജെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ മുനീറിന്റെയും ഹാറൂണിന്റെയും ജീവൻ രക്ഷിക്കാനായില്ലെന്ന് കൺട്രോൾ റൂമിന്റെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ അജി പറഞ്ഞു.
മുനീറും ഹാറൂണും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. നില ഗുരുതരമായതോടെ യാക്കൂബിനെയും ആദിലിനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
എളമക്കര പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.
മെച്ചപ്പെട്ട ജോലി സാഹചര്യമല്ലാത്തതിനാൽ ഒന്നര മാസം മുമ്പാണ് ഹാറൂൺ വിദേശത്തു നിന്ന് തിരികെയെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷാഘാതംവന്ന് കിടപ്പിലാണ് ഹാറൂണിന്റെ പിതാവ് ഷാജി. മാതാവ് പരേതയായ റജീബ (സുനി), സഹോദരൻ ഹാഫിസ്. സംസ്‌കാരം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.
ആലപ്പുഴയിലെ ഒരു ഹോട്ടലിലെ കാഷ്യറായിരുന്നു മുനീർ. പരേതനായ നസീർ, റംലത്ത് എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ മൻസൂർ. സംസ്കാരം കല്ലുപാലം മസ്താൻപള്ളി കബർസ്ഥാനിൽ നടത്തി.