മണ്ണാറശാല ആയില്യം മഹോത്സവത്തിന് നാളെ തുടക്കം

Sunday 09 November 2025 3:29 AM IST

ഹരിപ്പാട് : മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് നാളെ തുടക്കമാകും. ഇന്ന് നാഗരാജ സ്വാമിയ്ക്ക് ഏകാദശ രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്ക് സമീപം സർപ്പംപാട്ടുതറയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രുദ്രമൂർത്തിയായ മഹാദേവന് രുദ്രഏകാദശിനീ കലശാഭിഷേകവും നടക്കും. പുണർതം നാളായ നാളെ വൈകിട്ട് 5ന് മഹാദീപക്കാഴ്ച നടക്കും. കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരി തിരിതെളിക്കും. 11ന് ഉച്ചയ്ക്ക് ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ണാറശാല യു.പി സ്കൂളിൽ പ്രസാദമൂട്ട്, വൈകിട്ട് 5 മുതൽ പൂയം തൊഴൽ, 7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം.

മണ്ണാറശാല ആയില്യം 12ന്

ആയില്യം നാളായ 12ന് പുലർച്ചെ 4ന് നടതുറക്കും. എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. രാവിലെ 10 മുതൽ മണ്ണാറശാല യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് ഉണ്ടാകും. ഉച്ചപൂജയ്ക്കശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്,കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യംപൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തിയ ശേഷം ആയില്യം എഴുന്നള്ളത്ത് നടത്തും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ അമ്മയുടെ കാർമ്മികത്വത്തിൽ ആയില്യം പൂജ ആരംഭിക്കും. നൂറുംപാലും,ഗുരുതി,തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള പൂജകൾ ഉണ്ടായിരിക്കും.