ജെയിംസ് വാട്സണ് വിട
ന്യൂയോർക്ക്: ഡി.എൻ.എയുടെ ഘടന കണ്ടെത്തിയ വിഖ്യാത ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്‌സണ് ( 97 ) വിടനൽകി ലോകം. ന്യൂയോർക്കിലെ ഈസ്റ്റ് നോർത്ത്‌പോർട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.
1953ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ കാവൻഡിഷ് ലാബിലെ ഗവേഷണത്തിലാണ് വാട്‌സണും സഹപ്രവർത്തകൻ ഫ്രാൻസിസ് ക്രിക്കും ചേർന്ന് ഡി.എൻ.എ തന്മാത്രയുടെ ഇരട്ട ചുറ്റുഗോവണി ഘടന (ഡബിൾ ഹെലിക്സ് സ്ട്രക്ചർ) തിരിച്ചറിഞ്ഞത്. ജനിതകവിവരങ്ങൾ എങ്ങനെ സംഭരിക്കപ്പെടുന്നെന്നും പകർത്തപ്പെടുന്നെന്നും വിശദീകരിക്കുന്ന വിപ്ലവകരമായ കണ്ടെത്തൽ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ മുന്നേറ്റങ്ങളിലൊന്നാണിത്.
ന്യൂക്ലിക് ആസിഡുകളുടെ തന്മാത്രാഘടനയെയും അവയുടെ പ്രാധാന്യത്തെയും കുറിച്ചുള്ള കണ്ടെത്തലുകൾക്ക് വാട്സൺ, ക്രിക്ക്, മൗറിസ് വിൽകിൻസ് എന്നിവർക്ക് 1962ലെ വൈദ്യശാസ്ത്ര നോബൽ ലഭിച്ചു. മനുഷ്യന്റെ ജനിതക രൂപരേഖയുടെ ചുരുളഴിയിക്കാൻ അമേരിക്കൻ ഭരണകൂടം ആവിഷ്കരിച്ച ഗവേഷണ പദ്ധതിയായ ഹ്യൂമൻ ജീനോം പ്രോജക്ടിന് 1988 മുതൽ 1992 വരെ വാട്സൺ നേതൃത്വം നൽകി.
ന്യൂയോർക്കിലെ കോൾഡ് സ്‌പ്രിംഗ് ഹാർബർ ലബോറട്ടറിയെ മോളിക്യുലാർ ബയോളജി, ക്യാൻസർ പഠനങ്ങളിൽ ലോകത്തെ മുൻനിര കേന്ദ്രമാക്കിയത് വാട്‌സണാണ്. 1968 മുതൽ 35 വർഷം ഡയറക്ടറായും പ്രസിഡന്റായും അദ്ദേഹം ലാബിനെ നയിച്ചു. ശാസ്ത്രമേഖലയിൽ പ്രചോദനം സൃഷ്ടിച്ച നിരവധി പുസ്തകങ്ങളും രചിച്ചു. ദ ഡബിൾ ഹെലിക്‌സ് (1968) എന്ന ഓർമ്മക്കുറിപ്പ് പ്രശസ്തമാണ്.
പിന്തുടർന്ന് വിവാദങ്ങൾ
മഹാപ്രതിഭയായി ലോകം വാഴ്ത്തുമ്പോഴും അദ്ദേഹത്തിന്റെ ചില പരസ്യപ്രസ്താവനകൾ വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കി. വംശത്തിനും ബുദ്ധിശക്തിക്കും ഇടയിൽ ജനിതക ബന്ധമുണ്ടെന്ന തരത്തിൽ ആവർത്തിച്ച് നടത്തിയ പരാമർശങ്ങൾ ശാസ്ത്രസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി. 2007ൽ കോൾഡ് സ്‌പ്രിംഗ് ലാബിലെ ചാൻസലർ പദവി രാജിവയ്ക്കാനും ഇത് വഴിയൊരുക്കി. ലബോറട്ടറി അദ്ദേഹത്തിന്റെ ഓണററി പദവികൾ പിൻവലിച്ചു. സ്ത്രീകൾക്കെതിരെയും സ്വവർഗരതിക്കെതിരെയും നടത്തിയ പരാമർശങ്ങളും വിവാദങ്ങൾക്കിടയാക്കി.
ജീവിതരേഖ
1928 - മേയ് 6ന് ഷിക്കാഗോയിൽ ജനനം
1947 - സുവോളജിയിൽ ബിരുദം (ഷിക്കാഗോ)
1950 - ഡോക്ടറേറ്റ് കരസ്ഥമാക്കി (ഇൻഡ്യാന)
1951 - കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയിൽ ചേർന്നു
1956 - ഹാർവാർഡിൽ ബയോളജി അദ്ധ്യാപകനായി
ഭാര്യ - എലിസബത്ത് ലൂയിസ്. മക്കൾ: റൂഫസ്, ഡങ്കൻ