ഗുകേഷ് വീണു

Sunday 09 November 2025 3:57 AM IST

പനജി: ചെസ് ലോകകപ്പിൽ നിലവിലെ ലോകചാമ്പ്യൻ ഇന്ത്യയുടെ ഡി.ഗുകേഷ് പുറത്ത്. മൂന്നാം റൗണ്ടിൽ ജർമ്മനിയുടെ പ്രെഡറിക് സ്വാനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയാണ് ടൂർണമെന്റിലെ ടോപ് സീഡ് ഗുകേഷ് പുറത്തായത്. റാങ്കിംഗിൽ തന്നെക്കാൾ ഏറെ പിന്നിലുള്ല സ്വാനിനോട് മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ തോറ്റതോടെയാണ് ഗുകേഷിന് ടൂർണമെന്റിൽ നിന്ന് പുറത്തേക്ക് വാതിൽ തുറന്നത്. ആദ്യമത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

ഇന്നലെ 55 നീക്കങ്ങൾക്കൊടുവിലാണ് ലോക റാങ്കിംഗിൽ 9-ാമതുള്ല ഗുകേഷ് 75-ാമതുള്ള സ്വാനിനോട് തോറ്റത്. ആദ്യ മത്സരങ്ങളിൽ 34 നീക്കങ്ങൾക്കൊടുവിലായിരുന്നു ഇരുവരും സമനിലയ്ക്ക് കൈ കൊടുത്തത്.

സ്വന്തം നാട്ടിലെ ലോകകപ്പിൽ നിന്നും ഗുകേഷ് നേരത്തെ പുറത്തായത് ഇന്ത്യൻ ആരാധകർക്ക് കടുത്ത നിരാശയായി. മറ്റൊരു ശ്രദ്ധേയമായ മത്സരത്തിൽ, രണ്ടാം റൗണ്ടിൽ ഇയാൻ നിപോംനീഷിയെ അട്ടിമറിച്ച ദീപ്തായൻ ഘോഷിന് ആർമീനിയൻ കരുത്തൻ ഗബ്രിയേൽ സർഗിസ്സ്യാന് എതിരെ കാലിടറി. ഇതോടെ ദീപ്തായനും പ്രാണേഷ് എം. (വിൻസൻ്റ് കെയ്മറിനോട് തോറ്റു) എന്നിവരും ടൂർണമെൻ്റ് വിട്ടു. ഉസ്ബെക്കിസ്ഥാൻ്റെ നോഡിർബെക് അബ്ദുസത്തറോവ്, അസർബൈജാൻ്റെ ഷാകിരിയാർ മെമദാരിയോവ് തുടങ്ങിയ മറ്റ് മുൻനിര താരങ്ങളും മൂന്നാം റൗണ്ടിൽ വീണതോടെ, ലോകകപ്പ് ഇനി ആരുടേതെന്ന ആകാംക്ഷ വർധിച്ചു.

അതസമയം ഇന്ത്യയുടെ ആർ. പ്രഗ്‌നാനന്ദ,പി.ഹരികൃഷ്‌ണ,അർജുൻ എരിഗാസി,വി.പ്രണവ് എന്നിവർ നാലാം റൗണ്ടിൽ എത്തി.

ഇന്ത്യൻ നിരയിലെ മറ്റ് മൂന്ന് പ്രധാന താരങ്ങൾ ടൈബ്രേക്കറിലേക്ക് നീങ്ങിയതോടെ ഇന്ന് പോരാട്ടങ്ങൾ തീ പാറുമെന്ന് ഉറപ്പായി.ടൈബ്രേക്കറിൽ കാർത്തിക്, വിദിത്ത്, നാരായണൻ എന്നിവർക്ക് അതിജീവനത്തിൻ്റെ റാപിഡ് കളിക്കേണ്ടിവരും.

(സീനിയർ നാഷണൽ അർബിറ്റർ & നാഷണൽ ഫെയർപ്ലേ എക്സ്പെർട്ട് അർബിറ്ററാണ് ലേഖകൻ)

ത്രില്ലിംഗ് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രിമീയർ അധികസമയത്ത് മിിന്നും പ്രകടനം കണ്ട മത്സരത്തിൽ ടോട്ടൻഹാം ഹോട്ട്‌സ്പറും മാഞ്ചസ്റ്റർ യുണൈറ്റഡും 2-2ന് സമ നിലയിൽ പിരിഞ്ഞു. ബ്രയാൻ ബ്യൂമോ നേടിയ ഗോളിൽ 32-ാം മിനിട്ടിൽ യുണൈറ്റഡ് ലീഡെടുത്തിരുന്നു. എന്നാൽ 84-ാം മിനിട്ടിൽ മത്യാസ് ടെൽ നേടിയ ഗോളിലൂടെ സ്വന്തം തട്ടകത്തിൽ ടോട്ടൻഹാം ഒപ്പമെത്തി. നിശ്ചിത സമയത്തിന് ശേഷം അധികസമയത്ത് ആദ്യമിനിട്ടിൽ തന്നെ (90+1) റിച്ചാർലിസൺ ടോട്ടനത്തിന് സമനില സമ്മാനിച്ചു. ആതിഥേയർ വിജയം പ്രതീക്ഷിച്ചിരിക്കെ ലോംഗ് വിസിലിന് തൊട്ടുമുൻപ് (90+6) ഡി ലൈറ്റ് യുണൈറ്റഡിന് സമനില സമ്മാനിക്കുകയായിരുന്നു.

ധ്രുവ് ജുറലിന് സെഞ്ച്വറി

ബംഗളൂരു: രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ ധ്രുവ് ജുറലിന്റെയും (പുറത്താകാതെ 127)​,​ അർദ്ധ സെഞ്ച്വറിയ ക്യാപ്ടൻ റിഷഭ് പന്തിന്റെയും (65)​,​ ഹർഷ് ദുബെയുടേയും (84)​ മികവിൽ രണ്ടാം അൺഒഫീഷ്യൽ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക എയ്‌ക്ക് മുന്നിൽ 417 റൺസിന്റെ വിജയലക്ഷ്യം വച്ച് ഇന്ത്യ എ. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിൽ 25/0 എന്ന നിലയിലാണ്. പത്ത് വിക്കറ്റ് കൈയിലിരിക്കേ അവസാന ദിനമായ ഇന്ന് അവർക്ക് ജയിക്കാൻ 382 റൺസ് കൂടി വേണം. ഒരുടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യ എ താരമാണ് ജുറൽ.

വനിതാ ഏകദിന ലോകകപ്പിൽ ചാമ്പ്യൻമാരയ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്

ഈഡൻ ഗാർഡനിൽ ബംഗാൾ സർക്കാർ നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയും മുൻ ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമിയും മുൻ ഇന്ത്യൻ ക്യാപ്‌ടനും നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ചേർന്ന് ബംഗഭൂഷൺ പുരസ്കാരം സമ്മാനിക്കുന്നു. പൊലീസിൽ ഡിഎസ്പിയായി ജോലിയും സ്വർണ മാലയും ബംഗാൾ സർക്കാർ റിച്ചയ്ക്കു നൽകി. ലോകകപ്പ് ഫൈനലിൽ റിച്ച നേടിയ ഓരോ റൺസിനും ഒരു ലക്ഷം വച്ച് 34 ലക്ഷം രൂപ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും കൈമാറി.സ്വര്‍ണം കൊണ്ടുള്ള ബാറ്റും പന്തും റിച്ചയ്ക്ക് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സമ്മാനിച്ചു