നമ്മുടെ 'നി​ധി"ഷ്

Sunday 09 November 2025 3:59 AM IST

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. എലൈറ്റ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഒന്നാം ദിനം സൗരാഷ്ട്ര ആദ്യ ഇന്നിംഗ്സിൽ 160 റൺസിന് ഓൾഔട്ടായി. 6 വിക്കറ്റുമായി കളം നിറഞ്ഞ എം ഡി നിധീഷിൻ്റെ ബൗളിംഗാണ് സൗരാഷ്ട്രയുടെ ബാറ്റിംഗ് നിരയെ തകർത്തത്. തുടർന്ന് ഒന്നാം ഇന്നിംഗ്‌സിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്. 8 വിക്കറ്റ് കൈയിലിരിക്കെ നിർണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡിന് കേരളത്തിന് 79 റൺസ് കൂടി മതി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ സൗരാഷ്‌ട്രയ്ക്ക്

അക്കൗണ്ട് തുറക്കും മുൻപെ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഹാർവിക് ദേശായിയെ (0) പുറത്താക്കി നിധീഷ് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഏഴാം ഓവറിൽ തുടരെയുള്ള പന്തുകളിൽ ചിരാഗ് ജാനിയെയും (5), അർപ്പിത് വസവദയെയും (0) പുറത്താക്കി നിധീഷ് വീണ്ടും പ്രഹരമേല്പിച്ചു. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലായ സൗരാഷ്ട്രയെ ജയ് ഗോഹിലും (84), പ്രേരക് മങ്കാദും (13) ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത് . ഇരുവരും ചേർന്ന് 69 റൺസാണ് കൂട്ടിച്ചേർത്തത്.

ഉച്ചഭക്ഷണത്തിന് തൊട്ടു മുൻപ് പ്രേരക് മങ്കാദിനെ പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് ബ്രേക്ക് സത്രൂ നൽകി. പ്രേരക്, നിധീഷിൻ്റെ പന്തിൽ അസറുദ്ദീൻ ക്യാച്ചെടുത്താണ് പുറത്തായത്. അടുത്ത ഓവറിൽ ഒരു റണ്ണെടുത്ത അൻഷ് ഗോസായിയെയും അസറുദ്ദീൻ്റെ കൈകളിലെത്തിച്ച് നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. മറുവശത്ത് ഉറച്ച് നിന്ന ജയ് ഗോഹിൽ തുടർന്നെത്തിയ ഗജ്ജർ സമ്മാറുമായി ചേർന്ന് ഇന്നിംഗ്‌സ് മുന്നോട്ടു നീക്കി.ഇരുവരും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. ജയ് ഗോഹിലിനെ ഏദൻ ആപ്പിൾ ടോം പുറത്താക്കിയതോടെ സൗരാഷ്‌ട്ര വീണ്ടും പ്രതിസന്ധിയിലായി.

23 റൺസെടുത്ത ഗജ്ജറിനെയും 11 റൺസെടുത്ത ധർമ്മേന്ദ്ര സിംഗ് ജഡേജയെയും ഒരു റണ്ണെടുത്ത ഹിതൻ കാംബിയെയും പുറത്താക്കി ബാബ അപരാജിത് സൗരാഷ്ട്രയുടെ ഇന്നിം‌ഗ്സിന് തിരശീലയിട്ടു. ക്യാപ്ടൻ ജയ്ദേവ് ഉനദ്ഘട്ടിനെ (16) നിധീഷും പുറത്താക്കി.ആറ് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബാബ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സിന് ഇറങ്ങിയ കേരളത്തിനായി രോഹൻ കുന്നുമ്മലും (പുറത്താകാതെ 59), എ കെ ആകർഷും (18) ചേർന്നാണ് ഇന്നിം‌ഗ്സ് തുറന്നത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. രോഹൻ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിൻ്റെ ഇന്നിംഗ്സ് മുന്നോട്ടു നീങ്ങിയത്. ആദ്യ ദിവസത്തെ കളി അവസാനത്തോട് അടുക്കെ ആകർഷിൻ്റെയും സച്ചിൻ ബേബിയുടെയും (1) വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. ഹിതെൻ കാംബിയാണ് ഇരു വിക്കറ്റുകളും നേടിയത്. കളി നിർത്തുമ്പോൾ രോഹനൊപ്പം അഹ്മദ് ഇമ്രാനാണ് (2) ക്രീസിൽ.

100- രഞ്ജി ട്രോഫിയിൽ 100 ക്യാച്ചെടുക്കുന്ന ആദ്യ കേരളാ താരമായി ക്യാപ്ടൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ., ഇന്നലെ സൗരാഷ്ട്രയുടെ ആദ്യ.ഇന്നിംഗ്‌സിൽ 4 ക്യാച്ചുകളാണ് അസറുദ്ദീൻ എടുത്തത്. വിക്കറ്റ് കീപ്പറെന്ന നിലയിൽ 88ും ഫീൽഡറായി 12 ക്യാച്ചുകളും എടുത്താണ് അസറുദ്ദീൻ ക്യാച്ചിൽ സെഞ്ച്വറി തികച്ചത്.